മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ വൻ ദുരന്തം സംഭവിക്കാമെന്ന ആശങ്കയിൽ ഇറാൻ ഭരണകൂടം. ഒരാഴ്ച നീണ്ടുനിൽക്കുന്ന അന്തിമ കർമ്മങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ടും മറ്റ് അത്യാഹിതങ്ങൾ മൂലവും 1,500 മുതൽ 3,000 വരെ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ കണക്കുകൂട്ടുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനിയൻ റെഡ് ക്രസന്റും നാഷനൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ചേർന്ന് രാജ്യത്തെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫിന് അയച്ച കത്തിലാണ് ഇത്തരം ഒരു നിർണ്ണായക മുന്നറിയിപ്പുള്ളത്. ടെഹ്റാനിലെ ബെഹെഷതെ സഹ്റ സെമിത്തേരിയിൽ ഇതിനോടകം തന്നെ ആയിരത്തോളം പുതിയ കല്ലറകൾ സജ്ജീകരിച്ചുകഴിഞ്ഞു.
മരണപ്പെടുന്നവരെയും കാണാതാകുന്നവരെയും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സേനാ വിഭാഗങ്ങളെയും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. “കല്ലറകൾ ഒരുക്കിയിട്ടുണ്ടെന്ന കാര്യം സത്യമാണ്.
അത്യുഷ്ണത്തിൽ ഇത്രയും വലിയ ജനത്തിരക്കുണ്ടാകുമ്പോൾ മൂവായിരത്തോളം മരണമെങ്കിലും ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമായ കാര്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.” എന്ന് ടെഹ്റാൻ മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂലൈ 05, 2026-ന് ആരംഭിച്ച സംസ്കാരച്ചടങ്ങുകൾ ജൂലൈ 9-ന് മാഷ്ഹദ് നഗരത്തിൽ സമാപിക്കും.
ചടങ്ങുകളിൽ ഒന്നരക്കോടി മുതൽ രണ്ട് കോടി വരെ ജനങ്ങൾ പങ്കെടുക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഞായറാഴ്ച ടെഹ്റാനിലെ ഗ്രാൻ മൊസല്ലയിൽ പൊതുദർശനം നടക്കും.
തിങ്കളാഴ്ച വിലാപയാത്രയായി മൃതദേഹം ഖൂമിലെത്തിക്കുകയും, ബുധനാഴ്ച കർബല നഗരത്തിൽ പൊതുദർശനത്തിന് വെക്കുകയും ചെയ്യും. വ്യാഴാഴ്ച മാഷ്ഹദിലെ കബറടക്കത്തോടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാകും.

