തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗികളെ തറയിൽ കിടത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുമായി ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക്.
ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ആരോഗ്യം-ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ ആശുപത്രി മേധാവികളുടെയും ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. 500 കിടക്കകളുള്ള പുലയനാർകോട്ട
ആശുപത്രി സംവിധാനം പ്രയോജനപ്പെടുത്തി മഴക്കാലത്ത് വർദ്ധിക്കുന്ന പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
രോഗികളെ തറയിൽ കിടത്തുന്നത് പൂർണ്ണമായും ഒഴിവാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിയന്തരമായി ക്യാന്റീൻ സജ്ജമാക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.
നിലവിലെ മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിൽ യോഗത്തിൽ വിമർശനം ഉയർന്നു. ഇതിനായി പരിചയസമ്പന്നരായ പുതിയ ഏജൻസിയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി നിയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ബ്ലോക്കിലെ റാമ്പ് നിർമ്മാണവും കെട്ടിടങ്ങളിലെ ചോർച്ച പരിഹരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ 24 മണിക്കൂറും സജീവമാക്കുന്നതിലൂടെ ജനറൽ ആശുപത്രിയെ കൂടുതൽ ശക്തിപ്പെടുത്താനും അതുവഴി മെഡിക്കൽ കോളേജിലെ അമിതഭാരം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി (RGCB) സഹകരിച്ച് ജനറൽ ആശുപത്രിയിൽ പുതിയ സി.ടി സ്കാൻ മെഷീൻ സ്ഥാപിക്കാനും തീരുമാനമായി. ഇതിന്റെ പ്രവർത്തനച്ചെലവുകളും സ്ഥലവാടകയും ആർ.ജി.സി.ബി വഹിക്കും.
നിലവിലുള്ള നിരക്കുകളേക്കാൾ കുറഞ്ഞ തുകയിൽ രോഗികൾക്ക് സി.ടി സ്കാൻ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വി.വിശ്വനാഥൻ എന്നിവരും ബന്ധപ്പെട്ട
ആശുപത്രികളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

