വീട്ടുവളപ്പിൽ വളർത്തിയ ചന്ദനമരം വനംവകുപ്പ് ഏറ്റെടുത്തതിന് ശേഷം ലഭിക്കേണ്ട തുക ഒരു വർഷമായിട്ടും നൽകാത്തതിനെത്തുടർന്ന് കർഷകൻ നടത്തിയ പ്രതിഷേധത്തിനൊടുവിൽ നടപടി.
അട്ടപ്പാടി സ്വദേശിയായ ബെന്നി ലൂക്ക എന്ന കർഷകനാണ് നീതി തേടി മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ സംഭവത്തിൽ ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി എ സതീഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ വർഷം **മേയ്** മാസത്തിലാണ് കർഷകന്റെ പുരയിടത്തിൽ നിന്നിരുന്ന 25 വർഷം പഴക്കമുള്ള ചന്ദനമരം കാറ്റിൽ ഒടിഞ്ഞു വീണത്. ഏകദേശം 350 കിലോ ഭാരമുള്ള ഈ മരം വനംവകുപ്പ് അധികൃതരെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മുറിച്ചുകൊണ്ടുപോവുകയായിരുന്നു.
എന്നാൽ, രേഖകൾ സമർപ്പിച്ച് ആറുമാസത്തിലധികം പിന്നിട്ടിട്ടും അർഹമായ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ പലതവണ ഓഫീസുകൾ കയറിയിറങ്ങി. ഇതിൽ നടപടി വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ചട്ടം അനുസരിച്ച്, കർഷകരുടെ പുരയിടത്തിൽ വീഴുന്ന ചന്ദനമരം വനംവകുപ്പ് ഏറ്റെടുക്കുമ്പോൾ വിലയുടെ 50 ശതമാനം തുക മുൻകൂറായി നൽകണമെന്നാണ് നിബന്ധന. എന്നാൽ, ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ബെന്നി ലൂക്കയുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാമെന്ന് ഡി എഫ് ഒ ഉറപ്പുനൽകിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

