പോളിഷ് നഗരമായ ക്രാക്കോവ് വിട്ട് തെക്കോട്ട് സഞ്ചരിക്കുമ്പോൾ ആർക്കും അത്ര പെട്ടെന്ന് ഊഹിക്കാനാവാത്ത ഒരു വിസ്മയ ലോകത്തേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച വീലിസ്ക റോയൽ സാൾട്ട് മൈൻ (Wieliczka Royal Salt Mine) കേവലമൊരു ഖനിയല്ല; ഏഴു നൂറ്റാണ്ടിലേറെ നീണ്ട
മനുഷ്യപ്രയത്നത്തിന്റെ ചരിത്രരേഖ കൂടിയാണ്. ഖനിയിലേക്ക് പ്രവേശിക്കുമ്പോൾ ഗൈഡ് നൽകിയ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു: “ഇനി നിങ്ങൾ ഇറങ്ങുന്നത് ഒരു ഖനിയിലേക്കല്ല… ചരിത്രത്തിലേക്കാണ്.” മരത്തിൽ നിർമ്മിച്ച നൂറുകണക്കിന് പടികളിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ അനുഭവപ്പെടുന്ന തണുത്ത വായുവും 14 ഡിഗ്രി സെൽഷ്യസ് സ്ഥിര താപനിലയും നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ചുറ്റുമുള്ള ഭിത്തികളെല്ലാം കോടിക്കണക്കിന് വർഷം പഴക്കമുള്ള പാറയുപ്പുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നത് അവിശ്വസനീയമായ അനുഭവമാണ്. ഈ ഖനിയുടെ ഹൃദയഭാഗത്താണ് St.
Kinga’s Chapel സ്ഥിതി ചെയ്യുന്നത്. ഭൂനിരപ്പിൽ നിന്നും ഏകദേശം 101 മീറ്റർ താഴെയായി സ്ഥിതി ചെയ്യുന്ന ഈ ചാപ്പൽ ഒരു അത്ഭുതമാണ്.
ഇവിടുത്തെ ബലിപീഠം, ഭിത്തികളിലെ ശില്പങ്ങൾ, നിലത്തെ കൊത്തുപണികൾ, മേൽക്കൂരയിൽ തൂങ്ങുന്ന ചാൻഡിലിയറുകൾ എന്നിവയെല്ലാം ഉപ്പുകല്ലിൽ കൊത്തിയെടുത്തവയാണ്. പ്രത്യേകിച്ചും, ഉപ്പുപാളികളിൽ കൊത്തിയെടുത്ത The Last Supper (അന്ത്യത്താഴം) ശില്പം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രവർത്തിച്ചിരുന്ന ഈ ഖനിക്ക് 245 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങളുണ്ട്. 327 മീറ്റർ ആഴമുള്ള ഒമ്പത് ഭൂഗർഭ നിലകൾ ആധുനിക യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ മനുഷ്യർ നിർമ്മിച്ചെടുത്തതാണ് എന്നത് വിസ്മയകരമാണ്.
“വെളുത്ത സ്വർണം” എന്ന് അറിയപ്പെട്ടിരുന്ന ഉപ്പ്, മധ്യകാല യൂറോപ്പിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ പങ്കുവഹിച്ചിരുന്നു. ഇവിടുത്തെ ഭൂഗർഭ തടാകങ്ങളുടെ ശാന്തതയും, ഉപ്പുകല്ലിൽ തീർത്ത ശില്പങ്ങളും ഖനിത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ അടയാളങ്ങളാണ്.
വീലിസ്കയ്ക്ക് പുറമെ, ബോച്നിയ (Bochnia) എന്ന ഖനിമേഖലയും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ഹോളോഗ്രാഫിക് ദൃശ്യങ്ങളും മൾട്ടിമീഡിയ അവതരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, ഉപ്പിന്റെ സാന്നിധ്യം ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം നൽകുമെന്ന് കരുതപ്പെടുന്നതിനാൽ, ഇവിടെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ആഴക്കടലിലെ നിഗൂഢതകൾ പോലെ ഭൂമിക്കടിയിലെ ഈ ഉപ്പുസാമ്രാജ്യം മനുഷ്യന്റെ കലാബോധത്തിന്റെയും ഇച്ഛാശക്തിയുടെയും നേർചിത്രമാണ്.
ഭൂമിയുടെ അഗാധതയിൽ സൗന്ദര്യം കൊത്തിവെച്ച ഒരു മഹാകാവ്യമാണ് വീലിസ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

