ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ തുടക്കമായി. അന്തരിച്ച നേതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ രാജ്യത്തെ ഉന്നത നേതാക്കൾ വികാരാധീനരായി.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉൾപ്പെടെയുള്ളവർ ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച ആരംഭിച്ച സംസ്കാര ചടങ്ങുകൾ അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈൻ മൊഹ്സെനി എജെയി, എക്സ്പെൻഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഏകദേശം രണ്ട് കോടിയോളം ആളുകൾ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
തിങ്കളാഴ്ച ടെഹ്റാൻ നഗരത്തിലൂടെ വിലാപയാത്ര നടക്കും. തുടർന്ന് ക്വാം, ബാഗ്ദാദ്, കർബല, നജഫ് എന്നീ നഗരങ്ങളിൽ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിൽ സംസ്കാരം നടക്കും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ ഇതിനകം ടെഹ്റാനിൽ എത്തിച്ചേർന്നിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അർമേനിയ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൺ, തുർക്ക്മെനിസ്ഥാനിലെ ഗുർബാംഗുലി ബെർഡിമുഹമദോവ്, റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അറ്റാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും.
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ജമ്മു കശ്മീർ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും സംസ്കാര ചടങ്ങുകൾക്കായി ഇറാനിൽ എത്തിയിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

