തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകി. വകുപ്പ് മേധാവികൾക്കാണ് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിട്ടുള്ളത്.
നിർദേശം പാലിക്കാൻ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളിൽ വലിയ തോതിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.
ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ വകുപ്പുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വരുംദിവസങ്ങളിൽ പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ കൂടുതൽ പരിശോധനകൾ നടത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
പിഎസ്സി നിയമന ക്രമക്കേടുകളിൽ നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, ഇതിലെ പുരോഗതിയിൽ സർക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് നടത്തിയ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. സമീപകാല നിയമനങ്ങളിൽ കൂടുതൽ വിപുലമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച പരീക്ഷയിൽ, ചോദ്യങ്ങൾക്ക് പ്ലസ് ടു നിലവാരം പോലും ഇല്ലായിരുന്നുവെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
ആകെ ചോദിച്ച 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ഉത്തരമായി ഓപ്ഷൻ ‘ബി’ വരുന്നത് അട്ടിമറിക്ക് തെളിവാണെന്നാണ് പരാതിക്കാരുടെ പക്ഷം. പ്രത്യേകിച്ച് കൊമേഴ്സ് വിഭാഗത്തിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷൻ ‘ബി’ തന്നെയായിരുന്നു.
പിഎസ്സി കഴിഞ്ഞ ദിവസം ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് ഉദ്യോഗാർത്ഥികളിൽ സംശയം ബലപ്പെട്ടത്. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ സമയം ബാക്കിനിൽക്കെ തിടുക്കത്തിൽ പരീക്ഷ നടത്തിയത് ആരെയെങ്കിലും പ്രത്യേകമായി ലിസ്റ്റിൽ ഉൾപ്പെടുത്താനാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
പുനഃപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

