കോട്ടയം തുറമുഖത്തെ തൃക്കുന്നപ്പുഴ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കേരള മാരിടൈം ബോർഡ് തീരുമാനിച്ചു. പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം തുറമുഖ അധികൃതർക്ക് നിർദേശം നൽകി.
കായൽ, കടൽ മേഖലകളിൽ ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ബാർജുകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പരിശോധിക്കും. ദേശീയ ജലപാത ഒൻപതിനു സമീപമാണ് നിലവിൽ കോട്ടയം തുറമുഖം സ്ഥിതി ചെയ്യുന്നത്.
പഴുക്കാനിലം പിന്നിട്ടാൽ ദേശീയ ജലപാത മൂന്നിലേക്ക് പ്രവേശിക്കാൻ സാധിക്കും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലാണ് തൃക്കുന്നപ്പുഴ സ്ഥിതി ചെയ്യുന്നത്.
ഇവിടെയുള്ള വലിയ ലോക്ക് സംവിധാനം ജലയാനങ്ങളുടെ സുഗമമായ യാത്രയ്ക്ക് സഹായിക്കുമെങ്കിലും, ഇതിന് മുൻപിലുള്ള പൊഴിയുടെ ഭാഗം മുറിച്ചു നീക്കിയാൽ മാത്രമേ കടലിലേക്കുള്ള പ്രവേശനം പൂർണമായും സുഗമമാകൂ. അതേസമയം, കോട്ടയം തുറമുഖ ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട
പ്രാഥമിക ചർച്ചകൾ തിരുവനന്തപുരത്ത് പൂർത്തിയായി. കേരള മാരിടൈം ബോർഡിൽ നിന്ന് രണ്ടുപേരെ പുതിയതായി ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
എന്നാൽ ഇവരുടെ പേരുകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല. തുറമുഖത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ അന്തിമ വ്യക്തത വന്ന ശേഷം ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങും.
തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കേരള മാരിടൈം ബോർഡ് സിഇഒ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. കോട്ടയം തുറമുഖ എംഡി ഏബ്രഹാം വർഗീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

