സംസ്ഥാനത്ത് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി ചെലവഴിക്കേണ്ടി വരുന്ന തുകയിലുണ്ടായ വർധനവ് ഉടമകൾക്ക് വലിയ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. അരുമമൃഗങ്ങളുടെ ചികിത്സാച്ചെലവും നിത്യോപയോഗ വസ്തുക്കളുടെ അമിതവിലയും സാധാരണ കുടുംബങ്ങളെയും ചെറുകിട
കർഷകരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. ഇതിലൂടെ പലർക്കും വളർത്തുമൃഗങ്ങൾ ഒരു ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്.
കോവിഡ് കാലഘട്ടത്തിൽ വളർത്തുമൃഗങ്ങൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും നിലവിൽ സാഹചര്യം മാറിമറിഞ്ഞു. സംസ്ഥാനത്ത് ബ്രീഡിങ് കുറവായതിനാൽ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന തുകയ്ക്ക് വാങ്ങിയ നായ, പൂച്ച എന്നിവയുടെ കുഞ്ഞുങ്ങളെ തിരികെ വിൽക്കാൻ ശ്രമിക്കുമ്പോൾ വാങ്ങിയ വിലയുടെ പകുതി പോലും ലഭിക്കുന്നില്ല.
ഒരു അലങ്കാര പൂച്ചയുടെ മാസച്ചെലവ് ഏകദേശം 6,000 രൂപയും നായയുടേത് 3,000 രൂപയുമാണ്. പുറം സംസ്ഥാനങ്ങളിലെ കമ്പനികളാണ് ഇവയ്ക്കുള്ള തീറ്റ ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ വില വളരെ കൂടുതലാണ്.
കൂടാതെ, മൃഗങ്ങൾക്കുള്ള വാക്സീനുകൾ മിക്കതും സ്വകാര്യ കമ്പനികളുടെ ഉൽപന്നങ്ങളാണ്. ആന്റി റേബീസ് വാക്സീനുകൾക്ക് മാത്രമാണ് സർക്കാർ നിലവിൽ സബ്സിഡി നൽകുന്നത്.
ഇതിനു പുറമേ, പെറ്റ് ഗ്രൂമിങ് മേഖലയിലും വലിയ തുകയാണ് ഉടമകൾക്ക് ചെലവാകുന്നത്. ഹെയർ കട്ടിങ്, നെയ്ൽ കട്ടിങ് എന്നിവയ്ക്കായി ഈടാക്കുന്ന തുക ഭീമമാണ്.
കുളിക്കാനായി ഉപയോഗിക്കുന്ന സോപ്പ്, ഷാംപൂ എന്നിവയ്ക്ക് 100 മുതൽ 1,000 രൂപ വരെയാണ് വില. ഒരു നായയെ ഗ്രൂമിങ് സെന്ററിൽ കൊണ്ടുപോയി കുളിപ്പിക്കാൻ ഏകദേശം 2,000 രൂപ ചെലവാകും.
ഡോഗ് ടോയ്ലറ്റുകളുടെ വില 1,000 രൂപയ്ക്ക് മുകളിൽ ആരംഭിക്കുമ്പോൾ സ്വകാര്യ പെറ്റ് ഗ്രൂമിങ് സെന്ററുകൾ വലിയ തുകയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സർക്കാർ ചട്ടങ്ങളില്ലാത്തതും ഉടമകളെ വലയ്ക്കുന്നു.
ക്ഷീരകർഷകരുടെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല. സർക്കാർ മൃഗാശുപത്രികളിൽ ചികിത്സാ സൗകര്യം ലഭ്യമാണെങ്കിലും മരുന്നുകൾ മിക്കപ്പോഴും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് തന്നെ വാങ്ങേണ്ടി വരുന്നു.
പശു, എരുമ, ആട് എന്നിവയുടെ ചികിത്സയ്ക്കായി പരിശോധനാ ഫീസ്, ഡോക്ടറുടെ ഫീസ്, യാത്രാച്ചെലവ്, മരുന്നുകൾ എന്നിവയ്ക്കായി വലിയ തുക ചെലവാകുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് അർഹമായ പരിഗണന സർക്കാർ മൃഗാശുപത്രികളിൽ ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
ഇത്തരത്തിൽ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒട്ടേറെ ഉടമകൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

