ഹിന്ദു വിവാഹങ്ങളിൽ നിയമപരമായ റജിസ്ട്രേഷൻ മാത്രം പോരാതെ, മതാചാരങ്ങളും ചടങ്ങുകളും നിർബന്ധമായും പാലിക്കപ്പെടണമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. വിവാഹം കേവലം ഔദ്യോഗികമായ ഒരു രേഖാമൂലമുള്ള നടപടിയല്ലെന്നും, അതിന് ആത്മീയവും സാംസ്കാരികവുമായ മാനങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ.ടി. വച്ഹനി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
വിവാഹമെന്നത് ആട്ടവും പാട്ടും വിരുന്നുകളും മാത്രമല്ലെന്നും, വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും പാരമ്പര്യ ചടങ്ങുകൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹ നിയമപ്രകാരം, അഗ്നിയെ സാക്ഷിയാക്കി വധൂവരന്മാർ ഏഴ് ചുവടുകൾ വെക്കുന്ന സപ്തപദി ചടങ്ങിന് വലിയ പ്രാധാന്യമാണുള്ളത്.
ഈ ചടങ്ങുകൾ പൂർത്തിയാക്കുന്നതോടെയാണ് വിവാഹത്തിന് നിയമപരമായ സാധുതയ്ക്കൊപ്പം സാംസ്കാരികമായ പൂർണ്ണതയും കൈവരുന്നതെന്ന് കോടതി വിലയിരുത്തി. യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ എന്നയാൾ നൽകിയ ഹർജിയിലാണ് ഈ നിരീക്ഷണം.
തന്റെ മാതാപിതാക്കൾ നടത്തിയ വിവാഹം താൻ ആഗ്രഹിച്ച പ്രകാരമല്ലെന്നും, അത് ഹിന്ദു ആചാരപ്രകാരം നടന്നിട്ടില്ലാത്തതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. വിവാഹം റജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ അത് സാധുവാണെന്ന് കാണിച്ച് കുടുംബകോടതി ഹർജി തള്ളിയിരുന്നു.
ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

