സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നിയന്ത്രണം പൂർണമായും കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ട് സിപിഎം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജൂൺ 26-ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒപ്പിട്ട് ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിൽ, പാർട്ടി നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കാനുള്ള കർശന നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നിലവിൽ സി ക്ലാസ് അംഗത്വമുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നു. കരുവന്നൂർ, മൈലപ്ര തുടങ്ങിയ സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ ക്രമക്കേടുകളും അത് തുടർന്നുണ്ടായ രാഷ്ട്രീയ തിരിച്ചടികളും പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഈ പശ്ചാത്തലത്തിലാണ് സഹകരണ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്താൻ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിലപാടുകൾ കൂടി കണക്കിലെടുത്ത്, ഇ.ഡി പോലുള്ള ഏജൻസികളുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഭരണസമിതികൾ അതീവ ജാഗ്രത പാലിക്കണമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പത്തനംതിട്ട ജില്ലയിൽ മാത്രം സ്കൂൾ സഹകരണ സംഘങ്ങൾ, ക്ഷീരോൽപാദക സംഘങ്ങൾ, കാർഷിക-വ്യവസായ സംഘങ്ങൾ, വനിതാ സംഘങ്ങൾ എന്നിവയുൾപ്പെടെ 424 സംഘങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
മതന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ സംഘത്തിലും കുറഞ്ഞത് 3000 അംഗങ്ങളെയെങ്കിലും ചേർത്ത് വോട്ടവകാശം ഉറപ്പാക്കാനാണ് നിർദേശം.
പാർട്ടി കേഡർമാർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നും, കുടിശ്ശികയുള്ള തുക 15-ാം തീയതിക്ക് മുൻപ് അടച്ചുതീർക്കണമെന്നും കർശന നിർദേശമുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകളിൽ ക്രമക്കേടുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന പറന്തൽ, തുമ്പമൺ, വകയാർ, തണ്ണിത്തോട്, ഏറത്ത്, പറക്കോട്, ഏനാത്ത് തുടങ്ങിയ സഹകരണ ബാങ്കുകൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇതിനകം പാർട്ടി നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാൽ, പിടിച്ചെടുത്ത പല സംഘങ്ങളും പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായെന്നും, നേതാക്കൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തത് സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിച്ചെന്നും മൈലപ്ര, അയിരൂർ, വടശേരിക്കര തുടങ്ങിയ സംഘങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

