കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന അതിക്രമങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിക്കുന്ന വാഹനങ്ങളെ തടയുന്നതിനിടെയാണ് പലപ്പോഴും ജീവനക്കാർക്ക് മർദനമേൽക്കുന്നത്.
ടോൾ നൽകാതെ പോകുന്നവരുടെ ദൃശ്യങ്ങൾ സുരക്ഷാ നടപടിയുടെ ഭാഗമായി പകർത്താൻ ശ്രമിച്ചതിനാണ് കഴിഞ്ഞ മാർച്ചിൽ ഒരു ജീവനക്കാരന്റെ കൈ സംഘം തല്ലിയൊടിച്ചത്. സൂത്രധാരന്മാരുടെ ഇടപെടൽ
യാത്രക്കാർക്കിടയിൽ അറിവില്ലായ്മ മൂലമുണ്ടാകുന്ന തർക്കങ്ങളല്ല ഇതെന്നാണ് അധികൃതർ പറയുന്നത്.
മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പലരും എത്തുന്നത്. ഇതിനായി ആദ്യം ഒരു പൈലറ്റ് ബൈക്ക് സംഘമെത്തുകയും ലൈവ് സംപ്രേഷണം ആരംഭിക്കുകയും ചെയ്യുന്നു.
തുടർന്ന് എത്തുന്ന കാറുകൾ തിരക്കുള്ള ലൈനിൽ തടസ്സമുണ്ടാക്കുകയും, പിന്നിലുള്ള വാഹനങ്ങളെ കൂട്ടുപിടിച്ച് ജീവനക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നു. രാത്രി 8 മണിക്ക് ശേഷം പൊലീസ് കാവൽ ഇല്ലാത്ത സമയത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്.
ആവർത്തിക്കുന്ന അക്രമങ്ങൾ
ടോൾ പ്ലാസയിൽ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുന്നതും, ബൂം ബാരിയറുകൾ തകർക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. നേരത്തെ അലുമിനിയം ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നെങ്കിലും, അവ തകർക്കപ്പെട്ടതോടെ ഇപ്പോൾ പ്ലാസ്റ്റിക് പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഫാസ്റ്റാഗ് റീഡറുകളും പലതവണ തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരുടെ അവസ്ഥ
കഴിഞ്ഞ ശനിയാഴ്ച ടോൾ പ്ലാസയിൽ മർദനമേറ്റ പി.ജിതേഷ് ഇപ്പോൾ ചികിത്സയിലാണ്.
ഇരിങ്ങല്ലൂർ പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപത്തെ വീട്ടിൽ വിശ്രമിക്കുന്ന ജിതേഷിന്റെ വലതു കൈക്കുഴയ്ക്ക് പൊട്ടലുണ്ട്. ഒരു മാസം മുൻപ് മറ്റൊരു സംഭവത്തിൽ യുപിഐ ഇടപാടിനിടെ കാറിലുണ്ടായിരുന്നവർ ജിതേഷിനെ നൂറു മീറ്ററോളം വലിച്ചിഴച്ചിരുന്നു.
ടോൾ പ്ലാസ മാനേജരായ കെ.പി.ജിതേഷിനും കഴിഞ്ഞ ശനിയാഴ്ച മർദനമേൽക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ നെഞ്ചിൽ കുത്തുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നു.
ഇത്തരത്തിൽ നിരവധി ജീവനക്കാരാണ് കൃത്യനിർവഹണത്തിനിടെ പരിക്കേറ്റ് ചികിത്സ തേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

