സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ പ്രസംഗത്തിനിടെ സ്പീക്കർ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വോക്കൗട്ട് പ്രസംഗം നടത്തുന്നതിനിടെ സ്പീക്കർ ഇടപെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.
സ്പീക്കറുടെ ഇടപെടലുകൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് മുൻ മന്ത്രി കെ.രാജൻ സഭയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പ്രസംഗത്തിന്റെ അവസാനം താനും തന്റെ കക്ഷിയും വോക്കൗട്ട് ചെയ്യുന്നു എന്ന് കെ.രാജൻ വ്യക്തമാക്കിയപ്പോൾ സ്പീക്കർ നടത്തിയ “ആയിക്കോട്ടെ” എന്ന പ്രയോഗം വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. എന്നാൽ, സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി.
“പ്രസംഗത്തിനിടയിൽ സ്പീക്കറെ അപമാനിക്കുന്ന പണി പറ്റില്ല” എന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയാധിഷ്ഠിതമായി മാത്രം സംസാരിക്കണമെന്നും വോക്കൗട്ട് പ്രസംഗത്തിന്റെ പരിധികളിൽ നിന്ന് മാറരുതെന്നും കർശന നിർദ്ദേശം നൽകി. മറുപടിയായി, സഭയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും, പറയാനുള്ള കാര്യങ്ങൾ സഭയിൽ ഉന്നയിക്കുക എന്നത് തന്റെ അവകാശമാണെന്നും കെ.രാജൻ നിലപാടറിയിച്ചു.
നിയമസഭയിലെ നടപടികളെ ചൊല്ലി ഇരുനേതാക്കളും തമ്മിലുണ്ടായ ഈ വാഗ്വാദം സഭയിൽ വലിയ ശ്രദ്ധയാകർഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

