ബെംഗളൂരുവിലെ ജയാനഗർ സ്വദേശിനിയായ 26കാരി സായ് സുരഭിയെ ചിക്കബല്ലാപുരയിലെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മുദ്ദേനഹള്ളിയിലെ ശ്രീ സത്യ സായി ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റായിരുന്ന സുരഭിയുടെ മരണത്തിന് പിന്നിൽ ലവ് ജിഹാദ് ഉണ്ടെന്ന് യുവതിയുടെ അമ്മ ഗീത ആരോപിച്ചു.
സംഭവവിവരണങ്ങൾ
ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ 25കാരൻ സഞ്ജീത് അലി നന്ദി സ്കന്ദഗിരി ഹെറിറ്റേജ് ഹോംസ്റ്റേയിൽ മുറിയെടുത്തത്. എന്നാൽ യുവതി എപ്പോഴാണ് ഇവിടെ എത്തിയതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച രാവിലെ നിശ്ചിത സമയമായിട്ടും ഇവർ മുറി ഒഴിയാത്തതിനെത്തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കട്ടിലിൽ കഴുത്തിൽ കയർ മുറുക്കിയ നിലയിൽ സുരഭിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയിൽ കിടന്നിരുന്ന സഞ്ജീത് അലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടികൾ
സംഭവത്തിൽ ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീത് അലിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
മുറിയിൽ നിന്ന് പൊലീസ് ഡയറിയും നിരവധി ഗുളികകളും കണ്ടെടുത്തിട്ടുണ്ട്. അമിതമായി ഉറക്കഗുളികകൾ കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കേസന്വേഷണത്തിന്റെ ഭാഗമായി മുറിയിൽ നിന്ന് ലഭിച്ച ഡയറിയിലെ കൈയക്ഷരം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി ചിക്കബല്ലാപുര എസ്പി കുശാൽ ചൗക്സി വ്യക്തമാക്കി. ചികിത്സയിലുള്ള യുവാവിന്റെ മൊഴി ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിന്റെ മൊഴി
കോളേജ് കാലം മുതലേ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ സഞ്ജീത് അലി യുവതിയെ നിരന്തരം പീഡിപ്പിക്കുകയും ലഹരിവസ്തുക്കൾക്ക് അടിമയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി അമ്മ ഗീത പൊലീസിനോട് വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സുരഭിയെ ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സുരഭി യുവാവുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശനിയാഴ്ച സത്സംഗത്തിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് സുരഭി വീട്ടിൽ നിന്നിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

