കുട്ടിക്കാലത്ത് അബദ്ധത്തിൽ ട്രെയിനിൽ കയറി വഴിതെറ്റിപ്പോയ യുവാവ് 35 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ കുടുംബാംഗങ്ങളെ കണ്ടെത്തി.
കേൾക്കാനും സംസാരിക്കാനും ശേഷിയില്ലാത്ത ലെയ് സെക്വിങ് എന്ന യുവാവാണ് ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ തന്റെ ജന്മകുടുംബവുമായി ഒത്തുചേർന്നത്. ജൂൺ 11-ന് നടന്ന ഈ വൈകാരിക സംഗമത്തിൽ പിതാവിനെയും ജ്യേഷ്ഠനെയും സഹോദരിയെയും കണ്ടുമുട്ടിയ ലെയ് വികാരാധീനനായി.
1991-ൽ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ട്രെയിനിൽ ഒളിച്ചുകയറിയ ലെയ്, യാത്രയ്ക്കിടെ ഉറങ്ങിപ്പോകുകയായിരുന്നു. ഉണർന്നപ്പോൾ അപരിചിതമായ ഒരിടത്താണ് താനെന്നും, വീട്ടിൽ നിന്ന് ഏറെ അകലെയാണെന്നും അവൻ തിരിച്ചറിഞ്ഞു.
സംസാരശേഷിയില്ലാത്തതിനാൽ വീട്ടിലേക്കുള്ള വഴി കണ്ടെത്താൻ കഴിയാതെ ഷെൻഷെൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലെയ് അലഞ്ഞുതിരിഞ്ഞു. തുടർന്ന് ഒരു സ്ത്രീ ലെയ്യെ ഏറ്റെടുക്കുകയും അവന് എഴുതാൻ പരിശീലനം നൽകുകയും ചെയ്തു.
പിന്നീട്, റെസ്റ്റോറന്റ് ഉടമയായ ഹോങ് എന്ന വ്യക്തി ലെയ്യുടെ ജീവിതത്തിൽ വലിയൊരു താങ്ങായി മാറി. തന്റെ ജീവനക്കാരുടെ താമസസ്ഥലത്ത് ഇടം നൽകുകയും ഭക്ഷണം നൽകുകയും ചെയ്ത ഹോങ്, ലെയ്ക്ക് സുരക്ഷിതമായി ജീവിക്കാൻ വേണ്ട
എല്ലാ സഹായങ്ങളും ചെയ്തു നൽകി. വിരമിച്ച സൈനികൻ കൂടിയായ ഹോങ്, ലെയ്യെ സ്വന്തം മകനെപ്പോലെയാണ് പരിപാലിച്ചത്.
താൻ സമ്പാദിക്കുന്ന പണം കരുതിവെക്കാനും, ഭാവിയിൽ കുടുംബത്തെ കണ്ടെത്താൻ അത് ഉപയോഗിക്കാനും ഹോങ് ലെയ്യെ ഉപദേശിച്ചിരുന്നു. ഹോങ്ങിനെയും ഭാര്യയെയും ലെയ് സ്നേഹത്തോടെ ‘ഷെൻഷെനിലെ അച്ഛൻ’, ‘ഷെൻഷെനിലെ അമ്മ’ എന്നാണ് വിളിച്ചിരുന്നത്.
തന്റെ യഥാർത്ഥ കുടുംബത്തെ കണ്ടെത്താൻ ലെയ് വർഷങ്ങളായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പങ്കുവെക്കുകയും, വിവിധ പ്രവിശ്യകളിൽ യാത്ര ചെയ്യുകയും ചെയ്തു.
ലെയ്യെ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിനും മാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നതിനും ഹോങ് മുൻകൈ എടുത്തു. ഇതിനിടയിൽ, സോഷ്യൽ മീഡിയ ആപ്പിലെ ഒരു ചാറ്റ് ഗ്രൂപ്പിൽ ലെയ് പങ്കുവെച്ച സന്ദേശം ശ്രദ്ധയിൽപ്പെട്ടത് സഹോദരൻ ലെയ് സെഹു ആണ്.
തന്റെ പേര് കുട്ടിക്കാലം മുതൽ ലെയ് തിരിച്ചു എഴുതാറുണ്ടായിരുന്നു. ഈ പ്രത്യേകത കണ്ടപ്പോൾ ലെയ് തന്നെയാണ് തന്റെ സഹോദരൻ എന്ന് ലെയ് സെഹു ഉറപ്പിച്ചു.
തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ രക്തബന്ധം സ്ഥിരീകരിക്കുകയായിരുന്നു. ജന്മം നൽകിയ മാതാപിതാക്കൾക്കും, തന്നെ സംരക്ഷിച്ച ഷെൻഷെനിലെ മാതാപിതാക്കൾക്കും നന്ദി അറിയിക്കുന്നതായും അവർക്കൊപ്പം തന്റെ ജീവിതം പങ്കുവെക്കുമെന്നും ലെയ് വ്യക്തമാക്കി.
ലെയ്യുടെ തീരുമാനത്തെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുന്നതായി ഹോങ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

