തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ജൂബിലി മിഷൻ, അമല ആശുപത്രി അധികൃതർ വ്യക്തമാക്കി.
സർക്കാർ ഇതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയാണെങ്കിൽ, അത് ആദ്യം നടപ്പിലാക്കാൻ തങ്ങൾ സന്നദ്ധമാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിൽ സമരം തുടരുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി ആശുപത്രി അധികൃതർ രംഗത്തെത്തി. സ്വകാര്യ ആശുപത്രി മേഖലയിൽ നഴ്സുമാർക്ക് മെച്ചപ്പെട്ട
വേതനം നൽകുന്നതിൽ മുൻപന്തിയിലുള്ള സ്ഥാപനങ്ങളാണ് തങ്ങളുടേതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2018ലെ സർക്കാർ മിനിമം വേതന വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയപ്പോഴും, പുതുക്കിയ ശമ്പള ഘടന ആദ്യഘട്ടത്തിൽ തന്നെ നടപ്പിലാക്കിയ ചരിത്രം ജൂബിലി മിഷൻ ആശുപത്രിക്കുണ്ടെന്ന് എച്ച്ആർ മേധാവി ജോഷി പോൾ വ്യക്തമാക്കി.
2023 ഏപ്രിൽ മുതൽ നഴ്സുമാരുടെ ശമ്പള വർധനവ് നടപ്പിലാക്കി കൃത്യമായി നൽകിവരുന്നുണ്ട്. അമല ആശുപത്രിയിലും സമാനമായി ശമ്പള ഘടനയിൽ സമഗ്രമായ പരിഷ്കാരം വരുത്തിയിട്ടുണ്ട്.
പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാർക്ക് 4000 മുതൽ 6000 രൂപ വരെ ശമ്പള വർധനവ് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ താൽക്കാലിക ആശ്വാസ നടപടികൾക്കും തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
നിലവിൽ ജൂബിലി മിഷൻ ആശുപത്രിയിലെ 370 നഴ്സുമാരും അമല ആശുപത്രിയിലെ 546 നഴ്സുമാരും സമരത്തിലാണ്. സമരത്തിന്റെ ഭാഗമായി നടന്ന റോഡ് ഉപരോധം അപ്രതീക്ഷിതമായിരുന്നെന്നും, ഉത്തരവാദപ്പെട്ട
സർക്കാർ സ്ഥാപനത്തിന് മുന്നിലല്ല പ്രതിഷേധിക്കേണ്ടതെന്നും ജൂബിലി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ.
ജൂലിയസ് അറയ്ക്കൽ, ജോഷി പോൾ, ജൂബിലി സിഇഒ ഡോ. ബെന്നി ജോസഫ്, അമല സിഇഒ സൈജു എന്നിവർ അഭിപ്രായപ്പെട്ടു.
അതിനിടെ, സമരത്തിന്റെ മറവിൽ തൃശൂർ അതിരൂപത ആസ്ഥാനം ഉപരോധിച്ച നടപടിയെ അതിരൂപത നേതൃയോഗം അപലപിച്ചു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിക്കാനുള്ള സംഘടിത ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് യോഗം പ്രമേയത്തിലൂടെ അറിയിച്ചു.
മോൺ. ജയ്സൺ കൂനംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പ്രതിനിധികൾ പങ്കെടുത്തു.
വിഷയത്തിൽ മാർ ആൻഡ്രൂസ് താഴത്തിനും അതിരൂപതയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിറോ മലബാർ സഭ മീഡിയ കമ്മിഷനും രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

