സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി പൊലീസ് നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി മലപ്പുറത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. തിരൂർ പൊന്മുണ്ടം സ്വദേശിയായ സക്കീർ ഹുസൈനെയാണ് (43) കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പൊന്മുണ്ടം ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനിൽ നിന്ന് 97.60 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.ബി.
ലത്തീഫ് എന്നിവരുടെ മേൽനോട്ടത്തിൽ ദിവസങ്ങളായി പ്രതി നിരീക്ഷണത്തിലായിരുന്നു. കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ വെച്ച് ഓട്ടോറിക്ഷയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.
നേരത്തെയും സമാനമായ കേസിൽ പ്രതിയായ സക്കീർ ഹുസൈൻ, കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടിയിലാവുകയും രണ്ട് മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയതുമാണ്. തിരൂർ, കോട്ടക്കൽ മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ചെറിയ പാക്കറ്റുകളിലാക്കി ലഹരി വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡാൻസാഫ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, കൊളത്തൂർ ഇൻസ്പെക്ടർ എം. ബിജു, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
എസ്.സി.പി.ഒമാരായ മനോജ് കുമാർ, ദിനേശ്, പ്രഫുൽ, പ്രശാന്ത്, കൃഷ്ണകുമാർ, സുരേന്ദ്ര ബാബു എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന വൻകിട വിതരണക്കാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

