കൊച്ചി: കാക്കനാട് മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ മുപ്പതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിഹാന കാതറിൻ ആൻഡ്രൂസ് മരിച്ച സംഭവത്തിന് പിന്നാലെ, അപകടസ്ഥലത്ത് ഒടുവിൽ അധികൃതർ ഇരുമ്പ് സംരക്ഷണ വേലി സ്ഥാപിച്ചു. ദുരന്തം സംഭവിച്ച് എട്ടാം ദിവസമാണ് മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള ഈ ഭാഗത്ത് നഗരസഭ സുരക്ഷാ വേലി പൂർത്തിയാക്കിയത്.
പ്രദേശവാസികൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യത്തിന്മേൽ ഒരു കുരുന്നിന്റെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷമാണ് നടപടിയുണ്ടായതെന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കുന്നു. മാവേലിപുരത്തെ ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ.
മാത്യുവിന്റെയും മകളായിരുന്നു റിഹാന. കഴിഞ്ഞ ആഴ്ച സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മുപ്പതടി താഴ്ചയിലേക്ക് വീണാണ് പെൺകുട്ടി മരണപ്പെട്ടത്.
തൃക്കാക്കര നഗരസഭ റോഡിന്റെ നിരപ്പ് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ മതിലിന്റെ ഉയരത്തിലേക്ക് ഉയർത്തി ഇന്റർലോക്ക് വിരിച്ചതോടെയാണ് ഇവിടെ മരണക്കെണിയായി മാറിയ താഴ്ച രൂപപ്പെട്ടത്. സുരക്ഷാ വേലി നിർമ്മിക്കുന്നതിനെ ചൊല്ലി നഗരസഭയും ഫ്ലാറ്റ് ഉടമകളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ നടപടി വൈകിപ്പിച്ചു.
ഒടുവിൽ ആ തർക്കത്തിന്റെ ഇരയായി മാറുകയായിരുന്നു റിഹാന കാതറിൻ ആൻഡ്രൂസ്. അപകടസാധ്യതയുള്ള ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത ശേഷം ശക്തമായ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വേലി നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ഐഷാ സുബൈർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
മണ്ഡലത്തിലെയും നഗരസഭ പരിധിയിലെയും മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങൾ അടിയന്തരമായി കണ്ടെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് ബാലാവകാശ കമ്മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

