അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി വ്യക്തമാക്കി. ദോഹയിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ “ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളെ ദോഹയിൽ നടക്കും” എന്ന് ഡോണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലെ സൈനിക സംഘർഷങ്ങൾക്ക് ശേഷം ആക്രമണങ്ങൾ അവസാനിപ്പിക്കാനും സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കാനും ധാരണയായെന്നായിരുന്നു അമേരിക്കൻ പക്ഷത്തിന്റെ വാദം. എന്നാൽ, ഈ വാദങ്ങളെ എസ്മായിൽ ബഖായി പൂർണ്ണമായും നിരാകരിച്ചു.
ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹ സന്ദർശിക്കുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകൾ, വിശിഷ്യാ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 11ന്റെ നടപ്പാക്കൽ വിലയിരുത്താൻ മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്കൻ പ്രതിനിധികൾ ഖത്തറിൽ എത്തുന്നുണ്ടെങ്കിൽ തന്നെ അത് ഇറാൻ സംഘത്തിന്റെ സന്ദർശനവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ കരാറിലേക്കുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എസ്മായിൽ ബഖായി, ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കപ്പെട്ട ശേഷം മാത്രമേ സമഗ്ര ചർച്ചകൾക്ക് തുടക്കമിടൂ എന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂൺ 18-ന് പ്രാബല്യത്തിൽ വന്ന 14 വ്യവസ്ഥകളുള്ള ധാരണാപത്രത്തിൽ വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ, എണ്ണ കയറ്റുമതി എന്നിവ ഉൾപ്പെട്ടിരുന്നു. ഇതിലെ ആർട്ടിക്കിൾ 10 പ്രകാരമുള്ള അനുമതികൾ അമേരിക്ക നൽകിയിട്ടുണ്ടെന്നും ഇതിന്റെ നടപ്പാക്കൽ ഇറാൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാൻ ആണവായുധം കൈവശം വെക്കുന്നത് അനുവദിക്കില്ലെന്നും, ആണവനിരായുധീകരണമാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ഡോണാൾഡ് ട്രംപ് ആവർത്തിച്ചു. എങ്കിലും, ദോഹയിൽ ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നാൽ അത് ശ്രദ്ധേയമാകുമെങ്കിലും വലിയ പ്രതീക്ഷകളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

