കോട്ടയത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 20 ടൺ കക്കാത്തോട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വൈക്കം ടി.വി.പുരത്ത് നിന്ന് ലോറിയാക്കി കടത്താൻ ശ്രമിച്ച ചരക്കാണ് കുലശേഖരമംഗലത്ത് വെച്ച് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയത്.
സംഭവത്തിൽ ഉൾനാടൻ ഫിഷറീസ് ചട്ടങ്ങൾ ലംഘിച്ചതിന് 40,000 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് ജല-കരമാർഗങ്ങളിലൂടെ 200 കിലോയിൽ കൂടുതൽ കക്കയോ കക്ക ഉൽപ്പന്നങ്ങളോ കൊണ്ടുപോകണമെങ്കിൽ ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണ്.
ഈ നിയമങ്ങൾ കാറ്റിൽ പറത്തി പെർമിറ്റില്ലാതെയാണ് കക്കാത്തോട് കടത്താൻ ശ്രമിച്ചത്. സമാനമായ രീതിയിൽ മുൻ വർഷങ്ങളിലും നിയമവിരുദ്ധമായി കക്കാത്തോട് കടത്താൻ ശ്രമിച്ചവർക്കെതിരെ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് കോട്ടയം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് എബ്രഹാം അറിയിച്ചു.
കോട്ടയം ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫിസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സി.എ.അഞ്ജലീദേവി, ജീവനക്കാരായ പി.എ.ജിഷ്ണു, ജെ.ഗിരീഷ്, ആർ.സ്വാതിഷ്, സി.ബി.വിപിൻ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

