ഓഹരി വിപണിയുമായി ബന്ധപ്പെട്ട വാർത്തകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ഓഹരി വിപണിയിലെ മുന്നേറ്റങ്ങളും തകർച്ചകളും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്. ഇത്തരം വിപണികളിൽ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ തുടക്കത്തിൽ തന്നെ കേൾക്കുന്ന ഒന്നാണ് ഡിമാറ്റ് അക്കൗണ്ട്.
എന്താണ് ഡിമാറ്റ് അക്കൗണ്ടെന്നും, ഇത് നിർബന്ധമാണോ എന്നും പലരും ചോദിക്കാറുണ്ട്. ഡിമെറ്റീരിയലൈസേഷൻ എന്ന പദത്തിന്റെ ചുരുക്കരൂപമാണ് ഡിമാറ്റ്.
ഓഹരികളുടെ ഇലക്ട്രോണിക് സൂക്ഷിപ്പും ക്രയവിക്രയവുമാണ് ഇതിലൂടെ സാധ്യമാകുന്നത്. 1875-ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നുവെങ്കിലും, ദീർഘകാലം ഭൗതികമായ കടലാസ് രൂപത്തിലായിരുന്നു ഓഹരി കൈമാറ്റങ്ങൾ നടന്നിരുന്നത്.
1996-ലെ ഡെപ്പോസിറ്ററീസ് നിയമം നിലവിൽ വന്നതോടെയാണ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായത്. തുടർന്ന് നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) രൂപീകൃതമാവുകയും ഓഹരികൾ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു.
എന്തുകൊണ്ട് ഡിമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്?
ഇന്നത്തെ കാലത്ത് ഫിസിക്കൽ രീതിയിലുള്ള ഓഹരി വിപണി ഇടപാടുകൾ പൂർണമായും അവസാനിച്ചു. ഓഹരികൾ കൂടാതെ മ്യൂച്വൽ ഫണ്ട്, ബോണ്ടുകൾ, ഇടിഎഫ്, ഗവൺമെന്റ് സെക്യൂരിറ്റീസ്, സോവറീൻ ഗോൾഡ് ബോണ്ട്, റീറ്റ്സ് എന്നിവ സൂക്ഷിക്കാൻ ഡിമാറ്റ് അക്കൗണ്ട് അനിവാര്യമാണ്.
ഒരു ബ്രോക്കറേജ് സ്ഥാപനം വഴി ഡിജിറ്റലായി ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഇതിനായി പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ, ഒപ്പ് എന്നിവയാണ് പ്രധാനമായും വേണ്ടത്.
പ്രവർത്തന രീതി
ഒരു നിക്ഷേപകൻ കമ്പനിയുടെ ഓഹരികൾ വാങ്ങുമ്പോൾ, അതിനുള്ള തുക ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയുകയും, വാങ്ങിയ ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്യുന്നു. വിൽപന നടത്തുമ്പോൾ നേരെ തിരിച്ചും സംഭവിക്കുന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)-യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് (ഡിപി) ആണ് ഈ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ പ്രധാനമായും നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (CDSL) എന്നീ രണ്ട് സ്ഥാപനങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
പ്രധാന നേട്ടങ്ങൾ
പഴയകാലത്ത് കടലാസ് രൂപത്തിൽ ഓഹരികൾ സൂക്ഷിക്കുമ്പോൾ അവ നഷ്ടപ്പെടാനോ നശിച്ചുപോകാനോ സാധ്യതയുണ്ടായിരുന്നു. ഡിമാറ്റ് അക്കൗണ്ട് വന്നതോടെ സുരക്ഷ വർധിക്കുകയും ഇടപാടുകൾ വേഗത്തിലാകുകയും ചെയ്തു.
ലാഭവിഹിതം (ഡിവിഡന്റ്), ബോണസ് ഓഹരികൾ, ഷെയർ ബൈബാക്ക് തുടങ്ങിയ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. നിരാകരണം
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുകയും വിദഗ്ധ ഉപദേശം തേടുകയും ചെയ്യുക.
നൽകിയിരിക്കുന്ന വിവരങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. സെബി നൽകുന്ന രജിസ്ട്രേഷൻ നിക്ഷേപകർക്ക് ലാഭം ഉറപ്പുനൽകുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

