സർക്കാർ ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കുന്നതിനായി 1.66 കോടി രേഖകൾ ഉൾപ്പെടുത്തി പുതിയ പൊതു പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സാർത്ഥക് സിദ്ധാന്ത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ സാർത്ഥക് തന്റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ലഭ്യമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചത്തെ തീവ്രമായ പരിശ്രമത്തിനൊടുവിലാണ് ഇത്രയും വലിയൊരു വിവരശേഖരം ക്രോഡീകരിക്കാൻ സാധിച്ചതെന്ന് സാർത്ഥക് സിദ്ധാന്ത് വ്യക്തമാക്കി. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ വെബ്സൈറ്റിൽ 88 ലക്ഷത്തിലധികം വിശദമായ റെക്കോർഡുകൾ അടങ്ങിയ രണ്ട് പ്രധാന ഡാറ്റാബേസുകളാണുള്ളത്.
ഇതിൽ പ്രാരംഭ ടെൻഡർ അറിയിപ്പുകളും ടെൻഡർ ലഭിച്ച കമ്പനികളുടെ വിവരങ്ങളും ഉൾപ്പെടുന്നു. “transparency needs to be accessible.from today it is.within the past 2 weeks, around 1 crore 66 lakh records were scraped from the government’s CPP Portal.
The Nation’s procurement database is now publicly available to all.” എന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സാർത്ഥക് കുറിച്ചു. ഗവൺമെന്റ് ചെലവഴിക്കുന്ന ഓരോ രൂപയും ടെൻഡർ പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഔദ്യോഗിക സിപിപി പോർട്ടലിലെ വിവരങ്ങൾ സങ്കീർണ്ണമായതിനാൽ സാധാരണക്കാർക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഈ പോരായ്മ പരിഹരിച്ചുകൊണ്ട് ലളിതമായ രീതിയിലാണ് പുതിയ വെബ്സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
നേരത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണ്ണയ ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് റാഞ്ചി സ്വദേശിയായ ഈ പതിനെട്ടുകാരൻ ശ്രദ്ധേയനായത്. തന്റെ ഉത്തരക്കടലാസിലെ മാർക്കുകളിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാർത്ഥക് നടത്തിയ അന്വേഷണം സിബിഎസ്ഇയുടെ ടെൻഡർ രേഖകളിലെ അട്ടിമറികളിലേക്കാണ് വിരൽ ചൂണ്ടിയത്.
തുടർന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ അദ്ദേഹം തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവർക്ക് സ്ഥാനചലനം ഉണ്ടായിരുന്നു.
ഇപ്പോൾ വിദ്യാഭ്യാസ മേഖലയ്ക്ക് അപ്പുറത്തേക്ക് തന്റെ അന്വേഷണാത്മക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് സാർത്ഥക് സിദ്ധാന്ത്. പൊതുമുതൽ സംരക്ഷിക്കാനുള്ള പ്രതിരോധ സംവിധാനമെന്ന നിലയിൽ, സർക്കാർ ഇടപാടുകൾ പൊതുജനങ്ങൾക്ക് സുതാര്യമായി പരിശോധിക്കാൻ അവസരം നൽകുന്ന ഈ ഡാറ്റാബേസ് വലിയൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

