തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം ഉന്നത സിപിഎം നേതൃത്വത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്, സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ആക്രമണം അരങ്ങേറിയതെന്നാണ്. ഈ നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾ പാർട്ടി പ്രവർത്തകർക്ക് നൽകിയ സന്ദേശമായിരുന്നുവെന്നും, ഇതിലൂടെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതൃത്വം അണികളെ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഇത് കേവലം പ്രാദേശികമായ ക്രമസമാധാന പ്രശ്നമല്ല, മറിച്ച് നിയമവാഴ്ചയ്ക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഇഡി വിലയിരുത്തുന്നു. പ്രതി ടി വീണ താമസിക്കുന്ന വസതിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ ആയുധങ്ങളുമായി പ്രവർത്തകർ നിലയുറപ്പിച്ചിരുന്നത് മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റെ വ്യക്തമായ സൂചനയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമായിരുന്നു.
നിലവിൽ സിപിഎം പാർട്ടിയോ നേതൃത്വമോ ഈ കേസിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, സിവിൽ കോടതിയുടെ അധികാരം വിനിയോഗിച്ചാണ് തങ്ങൾ പരിശോധന നടത്തിയതെന്ന് ഇഡി കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

