തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ നിയമനടപടികൾ കർശനമാക്കുന്നു. കേസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ആസഫ് അലിയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒയും കൊച്ചിയിലെ ഡിജിപി ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്.
ഇതോടൊപ്പം, കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ച വിഷയത്തിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായിരുന്നു.
ഹരീഷ് കുമാറിന് ജാമ്യം നൽകുന്നതിനെ എതിർക്കുന്നതിനായി പോലീസ് 18-ാം തീയതി തന്നെ 13 കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ഹാജരായ പ്രോസിക്യൂട്ടർ ഗീനാകുമാരി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തില്ലെന്ന് ആരോപണമുണ്ട്.
ഇതിനെത്തുടർന്ന് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. മൂന്ന് മാസക്കാലത്തേക്ക് എല്ലാ ബുധനാഴ്ചയും രാവിലെ 10 മണിക്കും 12 മണിക്കും ഇടയിൽ ഒപ്പിടണമെന്നും, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലുള്ള വസതിയിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയും വാഹനം തടയുകയും തകർക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

