സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ജൂൺ 15-നാണ് ഈ പദ്ധതി ഔദ്യോഗികമായി നിലവിൽ വന്നത്.
പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നതിനിടെ, പ്രമുഖ നിർമാതാവ് ജോബി ജോർജ് നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമാവുകയാണ്. പദ്ധതിക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
“ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും. എന്നാൽ ഇവിടെ ചിലർക്ക് വളം ആയപ്പോൾ, പലരും ചീഞ്ഞു തുടങ്ങി.
വൻകിട രാജ്യങ്ങളിൽ പോലും പബ്ലിക് ട്രാൻസ്പോർട് സർവീസ് ഫ്രീ അല്ല.
അപ്പോൾ എങ്ങനെ നമുക്കാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ പോക്കാണേൽ കെഎസ്ആർടിസിയും നശിക്കും പ്രൈവറ്റ് ബസ് സർവീസും നശിക്കും” എന്നാണ് ജോബി ജോർജ് വ്യക്തമാക്കിയത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിന് താഴെ നിരവധി പേർ മറുപടിയുമായി രംഗത്തെത്തി.
ഡൽഹി, തമിഴ്നാട്, കർണാടക, തെലങ്കാന, പശ്ചിമബംഗാൾ, പഞ്ചാബ്, ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ നിലവിലുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി ജോബി ജോർജ് ഇങ്ങനെ കുറിച്ചു: “പെങ്ങളെ ഞാൻ പറഞ്ഞത് എന്റെ അറിവിൽ നിന്ന് ആണ്.
എനിക്ക് 25 ബസ് ഉണ്ട്. അതിൽ 75 തൊഴിലാളികളും.
ഇപ്പോൾ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയാം. ഈ പോക്കാണെങ്കിൽ ഞാൻ ഈ പണി നിർത്തും.
അപ്പോൾ ആ 75 കുടുംബം?” സ്വകാര്യ ബസുകളിലും ഇത്തരത്തിൽ ഇളവുകൾ നൽകാൻ ശ്രമിക്കണമെന്ന നിർദ്ദേശത്തിന്, “എന്റെ പൊന്നു സഹോദരാ.. അറിയാത്ത പുള്ളയ്ക്കു ചൊറിയുമ്പം അറിയും എന്നൊരു ചൊല്ലുണ്ട്” എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ബസ് മേഖല നേരിടുന്ന പ്രതിസന്ധികളെ സൂചിപ്പിച്ചുകൊണ്ട് അരി വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യം അദ്ദേഹം മറ്റ് കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

