തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ 18 ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പിതാവ് സുധീഷ് (25) രണ്ടുദിവസം മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. അക്കിക്കാവിൽ വെച്ച് സുധീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം നടന്നത്.
ഇന്ന് സുധീഷിന്റെ അസ്ഥി സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെയാണ് കുടുംബത്തെ തേടി മറ്റൊരു ദുരന്തമെത്തിയത്. കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.
പിന്നീട് പരിശോധിച്ചപ്പോൾ കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരികയും മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ച ശിശു.

