ഡാളസിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജോർദാനെതിരെ അർജന്റീനക്ക് മികച്ച വിജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം പുലർത്തിയ അർജന്റീന, ജൂലിയൻ അൽവാരസ്, ലോ സെൽസോ, നിക്കോ പാസ് എന്നിവരുടെ നേതൃത്വത്തിൽ ജോർദാൻ പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിലൂടെ ലോ സെൽസോ ആണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 28-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗതാരോ മാർട്ടിനെസ് ലീഡ് ഇരട്ടിയാക്കി.
ആദ്യ പകുതിയിൽ ജോർദാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് മികച്ച സേവുകളിലൂടെ വല കാത്തു. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ മുസ അൽ ടമാരിയിലൂടെ ജോർദാൻ ഒരു ഗോൾ മടക്കി.
എന്നാൽ 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നായകൻ ലയണൽ മെസി ഫ്രീ കിക്കിലൂടെ ഗോൾ നേടിയതോടെ അർജന്റീന ജയം പൂർത്തിയാക്കി. ഈ ലോകകപ്പിലെ മെസിയുടെ ആറാം ഗോളാണിത്.
തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും ഇതിലൂടെ താരം സ്വന്തമാക്കി. ലോകകപ്പിലെ തന്റെ ആകെ ഗോൾനേട്ടം 19 ആയി മെസി ഉയർത്തി.
ഈ വിജയത്തോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് നേടി അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി. നോക്കൗട്ട് റൗണ്ടിൽ (റൗണ്ട് ഓഫ് 32) കേപ് വെർദെയെ ആണ് അർജന്റീന നേരിടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

