ഇറ്റലിയിൽ പോലീസ് കസ്റ്റഡിയിൽ കഴിയവെ പഞ്ചാബ് സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോഷിയാർപൂർ മിയാനി ഗ്രാമത്തിൽ നിന്നുള്ള സുഖ്വിന്ദർ സിംഗ് എന്ന സോനുവാണ് മരണപ്പെട്ടത്.
സംഭവത്തിൽ ഇറ്റാലിയൻ അധികൃതർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂൺ 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഒരു വാട്ടർ തീം പാർക്കിൽ വെച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളോട് മോശമായി പെരുമാറി എന്നാരോപിച്ച് ഇറ്റാലിയൻ പോലീസ് സുഖ്വിന്ദറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ജൂൺ 23-ന് ഇദ്ദേഹം ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു. ജയിലിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നതായും, പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ 24-നാണ് മരണവിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. തന്റെ മകൻ നിരപരാധിയാണെന്ന് സുഖ്വിന്ദറിന്റെ കുടുംബം വാദിക്കുന്നു.
പാർക്കിലൂടെ നടക്കുമ്പോൾ സെൽഫിയെടുക്കുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്ത് അബദ്ധത്തിൽ കൈ തട്ടിയതാണ് തർക്കത്തിന് കാരണമായതെന്ന് സുഖ്വിന്ദർ തങ്ങളോട് ഫോണിലൂടെ വെളിപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. മൃതദേഹം ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും മരണത്തിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണെന്നും കുടുംബം ആവശ്യപ്പെട്ടു.
നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 വയസുകാരനായ സുഖ്വിന്ദർ.
സാമ്പത്തിക ബാധ്യതകൾ തീർക്കാനായി 15 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് അഞ്ചര വർഷം മുൻപ് ഇദ്ദേഹം ഇറ്റലിയിലേക്ക് കുടിയേറിയത്. രണ്ട് വർഷം മുൻപ് മാതാവ് മരിച്ചപ്പോൾ പോലും ഇമിഗ്രേഷൻ തടസ്സങ്ങൾ കാരണം നാട്ടിലെത്താൻ സുഖ്വിന്ദറിന് സാധിച്ചിരുന്നില്ല.
യുവാവിന്റെ ആകസ്മിക വിയോഗം വലിയ ആഘാതമാണ് കുടുംബത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

