തിരുവനന്തപുരം ആറ്റുകാലിലെ വാടകവീട്ടിൽ 27 കാരിയായ ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാർഹിക പീഡന നിരോധന നിയമം എന്നിവ ചുമത്തി കേസെടുക്കാനാണ് തീരുമാനം. മരിച്ച ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയത് കേസിൽ നിർണായകമായിട്ടുണ്ട്.
വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും തമ്മിൽ ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ആറു മാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടതുമുതൽ അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. ആരതിയുടെ അമ്പത് പവൻ സ്വർണം പണയം വെച്ചതും അതുലിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ചുള്ള തർക്കങ്ങളുമാണ് പീഡനത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ ആരതി തന്റെ മാതാവിന് അയച്ചുനൽകിയിരുന്നു. ഇന്നലെ നടന്ന വഴക്കിന് ശേഷം മുറിക്കുള്ളിൽ കയറി വാതിലടച്ച ആരതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
താൻ മരിക്കുന്നതിന് തൊട്ടുമുൻപ് ആരതി അമ്മയെ ഫോണിൽ വിളിച്ചിരുന്നു. സംഭവം നടന്നയുടൻ അയൽവാസികളെയോ പോലീസിനെയോ വിവരം അറിയിക്കുന്നതിന് പകരം അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് വാതിൽ തുറന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

