തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിന് കളിക്കളമൊരുക്കാൻ റിട്ടയർഡ് അധ്യാപിക രമണിക്കുട്ടിയമ്മ സൗജന്യമായി വിട്ടുനൽകിയ 50 സെന്റ് ഭൂമി ഇന്നും ഉപയോഗശൂന്യമായി തുടരുന്നു.
കായികക്ഷമതയുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി സ്കൂളിൽ സൗകര്യങ്ങളില്ലെന്ന് തിരിച്ചറിഞ്ഞതോടെ, ഏകദേശം 12 വർഷങ്ങൾക്ക് മുൻപാണ് രമണിക്കുട്ടിയമ്മ തന്റെ ഉടമസ്ഥതയിലുള്ള, ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സ്കൂളിനായി കൈമാറിയത്. കുട്ടികളുടെ ശാരീരികക്ഷമതയും കായിക വളർച്ചയും മുൻനിർത്തിയാണ് ഇത്രയും വലിയൊരു ആസ്തി താൻ കൈമാറിയതെന്ന് രമണിക്കുട്ടിയമ്മ വ്യക്തമാക്കുന്നു.
“കുട്ടികൾ കളിച്ചു വളരട്ടേയെന്ന് കരുതിയാണ് ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലം കളിസ്ഥലത്തിനായി നൽകിയത്. എന്നാൽ 12 വർഷമായിട്ടും ഒന്നും നടന്നില്ല.
സ്ഥലം ഒന്നും ചെയ്യാതെ ഇട്ടിരിക്കുന്നതിൽ സങ്കടമുണ്ട്’ എന്ന് അവർ പ്രതികരിച്ചു. സ്ഥലം വിട്ടുനൽകിയെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിനയായത്.
സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിനെയും സർക്കാർ തലത്തിലും നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. നിലവിൽ ഈ ഭൂമിയുടെ 5 സെന്റ് സ്ഥലത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടിവനം ഒരുക്കിയിട്ടുണ്ട്.
ബാക്കി ഭാഗം വെറും തരിശുഭൂമിയായി കിടക്കുകയാണ്. പ്രത്യേക കളിക്കളമില്ലാത്തതിനാൽ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ് നേരിടുന്നത്.
കായിക പരിശീലനത്തിനായി 10 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് കൊടുമൺ സ്റ്റേഡിയത്തിൽ എത്തേണ്ട അവസ്ഥയാണുള്ളത്.
തദ്ദേശ ഭരണകൂടമോ സർക്കാരോ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കായിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി കളിക്കളം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഇതിനായി കായിക മന്ത്രി ഒ.ജെ.ജനീഷ് വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

