അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നീളുന്നതിന്റെ പ്രധാന കാരണം തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന് സൂചന.
വിപണിയിൽ ഇന്ത്യയുടെ പ്രധാന എതിരാളികളായ രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട തീരുവ ഇളവുകൾ ലഭിക്കണമെന്ന ഇന്ത്യയുടെ നിലപാടാണ് ചർച്ചകളെ സ്വാധീനിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്. ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായ തീരുവ ഘടന ലഭിക്കാതെ യുഎസുമായുള്ള വ്യാപാരക്കരാറിൽ ഒപ്പുവെക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസർക്കാർ.
ബംഗ്ലാദേശ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇത്തരം ഇളവുകൾ അനിവാര്യമാണെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷവും ഇടക്കാല കരാറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറുമായി കേന്ദ്ര മന്ത്രി നടത്തിയ ചർച്ചകൾക്ക് ശേഷം വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ചർച്ചകൾ തുടരുമെന്ന സൂചന മാത്രമാണുള്ളത്. നേരത്തെ പകരംതീരുവ കുറയ്ക്കുമെന്ന യുഎസിന്റെ വാഗ്ദാനം പ്രതീക്ഷ നൽകിയിരുന്നെങ്കിലും, യുഎസ് സുപ്രീം കോടതി ഈ തീരുമാനം റദ്ദാക്കിയതോടെ സാഹചര്യങ്ങൾ മാറി.
അതേസമയം, ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. കരാർ സംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ ഇതിനകം ബ്രിട്ടനിലെത്തിക്കഴിഞ്ഞു.
ജൂലൈ 15-നാണ് ഈ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്. കരാറിലെ പ്രധാന വ്യവസ്ഥകൾ: ഇതുസംബന്ധിച്ച് ബ്രിട്ടിഷ് ട്രേഡ് സെക്രട്ടറി പീറ്റർ കെയിലുമായി മന്ത്രി വിശദമായ ചർച്ചകൾ നടത്തും.
കരാർ നടപ്പിലാകുന്നതോടെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും. മറുപടിയായി, ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപ്പന്നങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും.
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഇനങ്ങളും പൂർണമായും ഡ്യൂട്ടി–ഫ്രീ വിഭാഗത്തിലേക്ക് മാറും. ഈ ഉഭയകക്ഷി കരാറിലൂടെ 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

