വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയെത്തുടർന്ന് വരുമാനത്തിലുണ്ടായ ഇടിവ് പരിഗണിച്ച്, താൽക്കാലികമായി സർവീസുകൾ നിർത്തിവെക്കാൻ ബസുടമകൾ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നൂറിലേറെ ബസുകൾ മോട്ടോർ വാഹന വകുപ്പിന് ‘ജി ഫോം’ (G-Form) സമർപ്പിച്ചു കഴിഞ്ഞു. നിശ്ചിത കാലയളവിൽ വാഹനം നിരത്തിലിറക്കില്ലെന്ന് അധികൃതരെ മുൻകൂട്ടി അറിയിക്കുന്ന നടപടിയാണിത്.
ജി ഫോം സമർപ്പിക്കുന്നതോടെ പ്രസ്തുത കാലയളവിൽ വാഹനത്തിനുള്ള റോഡ് നികുതി അടയ്ക്കേണ്ടതില്ല. ഭൂരിഭാഗം ബസുകളുടെയും മൂന്ന് മാസത്തെ നികുതി കാലാവധി ഈ മാസം മുപ്പതാം തീയതിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉടമകൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ ഈ ബസുകൾ സർവീസ് നടത്തില്ല. ബസുടമകളുടെ കണക്കുകൾ പ്രകാരം, സൗജന്യ യാത്ര പദ്ധതി നിലവിൽ വന്നതോടെ ദിവസേന രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ വരുമാന നഷ്ടമാണ് ഓരോ ബസിലും ഉണ്ടാകുന്നത്.
ബത്തേരി–കൽപറ്റ, താളൂർ– ബത്തേരി, ബത്തേരി –നമ്പ്യാർകുന്ന്, ബത്തേരി–മാനന്തവാടി, പുൽപള്ളി–മാനന്തവാടി, പുൽപള്ളി–കൽപറ്റ തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് നിലവിൽ ജി ഫോം നൽകിയിട്ടുള്ളത്. കെഎസ്ആർടിസി സർവീസുകൾ കൂടുതൽ ഉള്ള റൂട്ടുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ ബസുടമകൾ സമാനമായ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തിവെക്കുന്നത് ജില്ലയിലെ ഗതാഗത സംവിധാനത്തെയും സാധാരണക്കാരായ യാത്രക്കാരെയും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

