സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ചുവടുവെപ്പുമായി സാംസങ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് മോഡലായ ഗാലക്സി A27 5G ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി A26 5Gയുടെ പിൻഗാമിയായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.
അത്യാധുനിക എഐ ഫീച്ചറുകളും മികച്ച പ്രകടനവും ഉറപ്പുനൽകുന്ന ഫോൺ ദീർഘകാല സോഫ്റ്റ്വെയർ പിന്തുണയോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രധാന സവിശേഷതകൾ
6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം.
120Hz റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്പ്ലേ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയാർന്ന ദൃശ്യാനുഭവം ഉറപ്പുവരുത്തുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന്റെ പ്രവർത്തനത്തിന് കരുത്ത് പകരുന്നത്.
8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഉള്ള ഫോണിൽ, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനും സൗകര്യമുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള One UI 8.5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്.
ഉപയോക്താക്കൾക്ക് ആറ് തലമുറ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 5,000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് ശേഷിയും ഫോണിനുണ്ട്.
കൂടാതെ, IP64 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസും സാംസങ്ങ് നോക്സ് വോൾട്ട് സുരക്ഷാ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറയും എഐ ഫീച്ചറുകളും
ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50 മെഗാപിക്സൽ ഒഐഎസ് പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.
മുൻവശത്ത് 12 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, ഒബ്ജെക്റ്റ് ഇറേസർ, വോയിസ് ട്രാൻസ്ക്രിപ്ഷൻ തുടങ്ങിയ എഐ ഫീച്ചറുകളും, ഗൂഗിൾ ജെമിനി, പെർപ്ലെക്സിറ്റി, ബിക്സ്ബൈ എന്നീ എഐ അസിസ്റ്റന്റുകൾക്കുള്ള പിന്തുണയും ഈ ഫോണിന്റെ പ്രത്യേകതയാണ്.
ലഭ്യതയും വിലയും
അമേരിക്കയിൽ 349.99 ഡോളർ എന്ന പ്രാരംഭ വിലയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജൂലൈ 3 മുതൽ ഫോൺ ലഭ്യമാകും.
ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് നിറങ്ങളിൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭിക്കും. ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയിൽ ജൂലൈ 14 മുതൽ ബ്ലാക്ക് നിറത്തിലുള്ള ഫോൺ വിൽപ്പനയ്ക്കെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

