ശബരിമല തീർഥാടന കാലങ്ങളിൽ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടുന്ന നാണയങ്ങൾ ശാസ്ത്രീയമായും വേഗത്തിലും എണ്ണുന്നതിനായി ആധുനിക യന്ത്രങ്ങൾ വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചുകൊണ്ട് ദേവസ്വം കമ്മിഷണർ ഉത്തരവിറക്കി.
നിലവിൽ നാണയങ്ങൾ എണ്ണുന്നതിലെ കാലതാമസം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സന്നിധാനത്ത് സമർപ്പിക്കപ്പെടുന്ന നാണയങ്ങളിൽ നെയ്യ്, ഭസ്മം, കുങ്കുമം, പൊടി എന്നിവ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ പഴയ രീതിയിലുള്ള പ്രവർത്തനം ദുഷ്കരമാണ്.
ഈ സാഹചര്യത്തിൽ, ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് ദിവസേന 16 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ള യന്ത്രങ്ങളാണ് ബോർഡ് ലക്ഷ്യമിടുന്നത്. സെക്കൻഡിൽ അഞ്ച് നാണയങ്ങൾ എന്ന നിരക്കിൽ വേർതിരിച്ച് കൃത്യമായി എണ്ണി തിട്ടപ്പെടുത്താനും, വിദേശ നാണയങ്ങളെയും ഉപയോഗശൂന്യമായവയെയും തരംതിരിച്ചു മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
കഴിഞ്ഞ തീർഥാടന കാലത്ത് ഉണ്ടായ പ്രതിസന്ധികൾ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. മകരവിളക്കിന് നട
അടച്ച ശേഷവും നാണയങ്ങൾ എണ്ണിത്തീരാത്തതിനാൽ ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. അന്നദാന മണ്ഡപത്തിലും ഭണ്ഡാരത്തിലുമായി 700-ഓളം ജീവനക്കാരെ നിയോഗിച്ചാണ് അന്ന് എണ്ണൽ പൂർത്തിയാക്കിയത്.
ട്രാക്ടറുകളിൽ നാണയങ്ങൾ മാറ്റേണ്ടി വന്നതും, പ്രത്യേക സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയതുമെല്ലാം വലിയ പ്രയത്നമായിരുന്നു. കഴിഞ്ഞ തീർഥാടന കാലത്ത് 460 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.
ഇതിൽ വലിയൊരു ഭാഗം നാണയങ്ങളായതിനാൽ, ബാങ്കുകൾക്ക് കൈമാറുന്നതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഈ ആധുനികവൽക്കരണം അത്യന്താപേക്ഷിതമാണെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

