കുട്ടനാടിന്റെ തനത് കൃഷിരീതികളെയും ഭൂപ്രകൃതിയെയും ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമാകുന്നു. പ്രകൃതിയും മനുഷ്യനും സംയോജിച്ച് രൂപപ്പെടുത്തിയ ഭൂപ്രകൃതി വിഭാഗത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിക്കാൻ കുട്ടനാടിന് സാധിച്ചാൽ അതൊരു ചരിത്രനേട്ടമായി മാറും.
ലോകത്തെ 121 പ്രദേശങ്ങൾ മാത്രമാണ് നിലവിൽ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് നിലവിൽ മധ്യപ്രദേശിലെ ഭീംബെട്ക പാറക്കെട്ടുകൾക്ക് മാത്രമാണ് ഈ അംഗീകാരമുള്ളത്.
പുരാതന ചിത്രകലയുടെ അടിസ്ഥാനത്തിലാണ് ഭീംബെട്ക പട്ടികയിലുള്ളതെങ്കിൽ, കുട്ടനാട് അതിലേക്ക് പരിഗണിക്കപ്പെടുന്നത് തനതായ കാർഷിക മാതൃകകളുടെ പേരിലാണ്. സമുദ്രനിരപ്പിന് താഴെയുള്ള കൃഷിരീതി, ജലപരിപാലനത്തിലെ തനിമ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ കുട്ടനാടിനെ ശുപാർശ ചെയ്തിരിക്കുന്നത്.
ഈ പദവി ലഭിച്ചാൽ കാർഷിക സംസ്കൃതിയുടെ സംരക്ഷണത്തിന് വലിയ സാമ്പത്തിക സഹായങ്ങൾ ലഭ്യമാകും. നേരത്തെ, ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ, കൃഷി വിഭാഗമായ (എഫ്എഒ) ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക സമ്പ്രദായം (ജിഐഎഎച്ച്എസ്) പദവി കുട്ടനാടിന് ലഭിച്ചിരുന്നു.
ഡോ. എം.എസ്.
സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്. സാധാരണയായി 1,000 വർഷം പഴക്കമുള്ള കൃഷിരീതികൾക്ക് മാത്രം ലഭിക്കാറുള്ള ഈ അംഗീകാരം, 200 വർഷത്തെ ചരിത്രമുള്ള കുട്ടനാടിന് ലഭ്യമായത് ഡോ.
സ്വാമിനാഥന്റെ ശക്തമായ വാദമുഖങ്ങൾ കൊണ്ടാണ്. എങ്കിലും, ജിഐഎഎച്ച്എസ് പദവി ലഭിച്ചിട്ടും കുട്ടനാടൻ ഉൽപന്നങ്ങളെ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമാനമായ വീഴ്ച യുനെസ്കോ പദവിയുടെ കാര്യത്തിലും സംഭവിക്കരുത്. കുട്ടനാടിന്റെ വികസനത്തിനായി മുൻ സർക്കാർ രൂപീകരിച്ച ‘കുട്ടനാട് വികസന ഏകോപന കൗൺസിൽ’ ഒരു ഓൺലൈൻ യോഗത്തിൽ ഒതുങ്ങിയെന്ന ആക്ഷേപവും ശക്തമാണ്.
പദവികൾക്കപ്പുറം കൃത്യമായ കർമപദ്ധതികളിലൂടെ മാത്രമേ കുട്ടനാടിന്റെ കാർഷിക പാരമ്പര്യം സംരക്ഷിക്കാനാവൂ എന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

