കോട്ടയം തലപ്പാടിയിലെ റബർ ബോർഡ് ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണ സംഘം നിർണായക പുരോഗതി രേഖപ്പെടുത്തി. സംഭവത്തിൽ അഞ്ചാം പ്രതിയായ ദൽസിങ് മൻഡ്ലോയി (33) എന്നയാളെ ഈസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടി.
തൃശൂരിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ നിന്ന് 20 പവൻ സ്വർണം അപഹരിച്ച കേസിലും ഇതേ സംഘത്തിന് പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തൃശൂരിലെ മോഷണസ്ഥലത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് പ്രതികൾ തലപ്പാടിയിൽ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 19, 20 തീയതികളിലായാണ് റബർ ബോർഡ് ക്വാർട്ടേഴ്സുകളിൽ വൻ മോഷണം നടന്നത്. കേരള പൊലീസിന് തിരിച്ചടിയായ മധ്യപ്രദേശ് പൊലീസിന്റെ ഇടപെടൽ പ്രതികളെ പിടികൂടാൻ മധ്യപ്രദേശിലെ നർവാലി ഗ്രാമത്തിലെത്തിയ കേരള പൊലീസിന്റെ നീക്കം തദ്ദേശീയ പൊലീസിന്റെ ഇടപെടൽ മൂലം പരാജയപ്പെട്ടിരുന്നു.
കേരള പൊലീസ് എത്തിയ വിവരം മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥർ മുഖേന മോഷ്ടാക്കൾക്ക് ചോർത്തി നൽകുകയായിരുന്നു. പ്രതികളുടെ കോൾ റജിസ്റ്റർ പരിശോധിച്ചതിൽ നിന്ന് മധ്യപ്രദേശിലെ പൊലീസുമായി ഇവർ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായി തെളിഞ്ഞു.
അതിസാഹസികമായ രണ്ടാം ഓപ്പറേഷൻ ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ജില്ലാ പൊലീസ് രണ്ടാം തവണയും മധ്യപ്രദേശിലേക്ക് സംഘത്തെ അയച്ചു. ഇത്തവണ പ്രാദേശിക പൊലീസിനെ വിവരം അറിയിക്കാതെ അതീവ രഹസ്യമായായിരുന്നു നീക്കം.
രത്ലം റെയിൽവേ സ്റ്റേഷനിലിറങ്ങി വാടകയ്ക്ക് എടുത്ത വാഹനത്തിൽ 130 കിലോമീറ്റർ സഞ്ചരിച്ച് സംഘം നർവാലി ഗ്രാമത്തിലെത്തി. പുലർച്ചെ 2 മണിക്ക് വാഹനം മാറ്റിയിട്ട
ശേഷം രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് പൊലീസ് പ്രതിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയത്. മൊബൈൽ ഫോണിന്റെ വെളിച്ചം മാത്രം ഉപയോഗിച്ച് നടത്തിയ ഈ മിന്നൽ പരിശോധനയിലൂടെയാണ് പ്രതിയെ പിടികൂടാനായത്.
അഞ്ചംഗ സംഘത്തിൽ മൂന്നുപേർ വീടിനുള്ളിൽ കടന്നാണ് മോഷണം നടത്തിയത്. കൈക്കലാക്കിയ സ്വർണം ഒപ്പമുള്ളവർക്ക് കൈമാറിയ ശേഷം സംഘത്തിലെ പ്രധാനികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
മറ്റ് രണ്ടുപേർ ബസ്സിലും ട്രെയിനിലും മാറി മാറി സഞ്ചരിച്ചാണ് മധ്യപ്രദേശിലേക്ക് കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

