കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്നു പരിശോധിക്കാൻ തീരുമാനം. ആർഡിഒയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധനകൾ ആരംഭിക്കും.
കഴിഞ്ഞ 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ മറ്റൊരു സംസ്കാരത്തിനായി തുറന്നപ്പോഴാണ് പെട്ടിക്കു പുറമെ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. 2006-ൽ സംസ്കരിച്ച മറിയയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ, കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടായേക്കാമെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്നും പള്ളി അധികൃതർ നിലപാടെടുത്തു. വിവാദത്തിന്റെ പശ്ചാത്തലം
2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകൾ മാറിയിരുന്നു.
പഴയ 23-ാം നമ്പർ കല്ലറ പുതിയതായി 38-ാം നമ്പർ ആയി മാറിയതിലെ ആശയക്കുഴപ്പമാണ് തുടക്കത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങൾ ഒരേ കല്ലറയിൽ സംസ്കരിച്ചതാകാം എന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ.
സംസ്കാര ചടങ്ങുകളുടെ ഫോട്ടോകൾ പരിശോധിച്ച് പോലീസ് ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പള്ളി വികാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
സിജോ സ്കറിയയുടെ തിരോധാനം
ഈ സംഭവത്തിൽ കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയയുടെ കുടുംബത്തിന്റെ പരാതിയും നിർണ്ണായകമാണ്. 6 വർഷം മുൻപ് വാണിയപ്പാറയിൽ വെച്ചാണ് സിജോയെ കാണാതാകുന്നത്.
പള്ളിയിലെ കൈക്കാരനായ ബിനോയ് സിജോയുടെ ഭാര്യാ സഹോദരൻ കൂടിയാണെന്നതും സംശയങ്ങൾക്ക് ആക്കം കൂട്ടി. കല്ലറയിൽ കാണപ്പെട്ട
അജ്ഞാത മൃതദേഹം സിജോയുടേതാണോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ ദുരൂഹതകൾക്ക് ശാസ്ത്രീയ പരിശോധനയിലൂടെ അന്ത്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

