ആലപ്പുഴയുടെ അഭിമാനമായ 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് തൊട്ടുമുൻപുള്ള ശനിയാഴ്ചയായ ഓഗസ്റ്റ് 22-ന് നടത്താൻ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി യോഗത്തിൽ തീരുമാനമായി. എംപിമാരായ കെ.സി.
വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിർണ്ണായക യോഗം ചേർന്നത്. തീയതിയെ ചൊല്ലിയുള്ള തർക്കവും തീരുമാനവും
ഈ വർഷത്തെ ജലമേളയുടെ തീയതി നേരത്തെ തീരുമാനിച്ചതിനെതിരെ കെ.സി.
വേണുഗോപാൽ വിയോജിപ്പ് രേഖപ്പെടുത്തി. വള്ളംകളിക്ക് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവുമായി വൈകാരികമായ ബന്ധമുണ്ടെന്നും, ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച തന്നെ ജലമേള നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, നിശ്ചയിച്ച തീയതി പ്രകാരം ഇതിനകം തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും, തീയതി മാറ്റുന്നത് ക്ലബ്ബുകൾക്കും വള്ളം സമിതികൾക്കും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സംഘാടകർ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ഓഗസ്റ്റ് 22-ന് തന്നെ ജലമേള നടത്താൻ തീരുമാനിക്കുകയായിരുന്നു.
മുൻ എംഎൽഎ എ.എ. ഷുക്കൂർ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
6.04 കോടി രൂപയുടെ ബജറ്റ്
ഇത്തവണത്തെ ജലോത്സവത്തിനായി 6,04,70,000 രൂപയുടെ ബജറ്റ് ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ചു. 3,65,65,000 രൂപയുടെ വരവും 2,39,05,000 രൂപയുടെ മിച്ചവും ഇതിൽ പ്രതീക്ഷിക്കുന്നു.
സ്പോൺസർഷിപ്പിലൂടെ 3.5 കോടി രൂപ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. വള്ളങ്ങളുടെ ബോണസിനായി 1.65 കോടി രൂപയും, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 60 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ
ജലോത്സവം കാണാനുള്ള ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല:
* ടൂറിസ്റ്റ് ഗോൾഡ് നെഹ്റു പവലിയൻ: 3,000 രൂപ
* ടൂറിസ്റ്റ് സിൽവർ നെഹ്റു പവലിയൻ: 2,500 രൂപ
* റോസ് കോർണർ: 1,500 രൂപ
* വിക്ടറി ലെയിൻ വുഡൻ ഗാലറി: 500 രൂപ
* ഓൾ വ്യൂ വുഡൻ ഗാലറി: 300 രൂപ
* ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി: 200 രൂപ
* ലോൺ: 100 രൂപ
* ലക്ഷ്വറി ബോക്സ് (ഒരാൾക്ക്): 10,000 രൂപ
* ലക്ഷ്വറി ബോക്സ് (കുടുംബം – 4 പേർക്ക്): 25,000 രൂപ
എൻടിബിആർ സൊസൈറ്റി ചെയർമാനും കലക്ടറുമായ ഷാജി വി. നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ആലോചനകൾ നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

