ബിപിബിപിഎം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത ഫാത്തിമാപുരം എഫ്എസിസി ടീം, തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക കാൻസർ ബാധിതനായ പതിനാലുകാരന്റെ ചികിത്സയ്ക്കായി നൽകി മാതൃകയായി. ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായ ടീമിന് ലഭിച്ച 25,000 രൂപയാണ് റോഷൻ റോബിന്റെ ചികിത്സാ സഹായത്തിനായി കൈമാറിയത്.
പള്ളിത്തുറ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ റോഷൻ, ഫാത്തിമാപുരം കനാൽ പുറമ്പോക്കിൽ ആറ്റരികത്തു വീട്ടിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ റോബിന്റെ മകനാണ്. കഴിഞ്ഞ മാസം ശബ്ദത്തിൽ മാറ്റവും രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ടിൽ കുറവും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർനടപടികളിൽ റോഷന് ബ്ലഡ് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആർസിസിയിലേക്ക് മാറ്റി. റോഷന്റെ ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വരുന്നത് നിർധനരായ കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഈ സാഹചര്യം മനസ്സിലാക്കിയാണ് എഫ്എസിസി ടീം തങ്ങളുടെ സമ്മാനത്തുക സുമനസ്സുകളോടൊപ്പം ചേർന്ന് ചികിത്സയ്ക്കായി കൈമാറാൻ തീരുമാനിച്ചത്. റോഷന്റെ ചികിത്സാ സഹായത്തിനായി പിതാവ് റോബിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ കണിയാപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സുമനസ്സുകളുടെ കാരുണ്യം റോഷന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

