രാജാക്കാട് പനച്ചിക്കുഴി സ്വദേശിയായ പുതുശേരിയിൽ ശശി (64) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
ഏറെക്കാലമായി വീടും കുടുംബവുമില്ലാതെ പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങിയിരുന്ന ഇദ്ദേഹത്തിന്റെ മരണശേഷം നടത്തിയ പരിശോധനയിലാണ് സൂക്ഷിച്ചുവെച്ച നിലയിൽ പണം കണ്ടെത്തിയത്. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സമീപമുള്ള സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ടൗണിലെ കളീയ്ക്കൽ ജുവലറിക്കു സമീപത്തുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നാണ് 1,15,751 രൂപയുടെ നോട്ടുകൾ അധികൃതർ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ ഈ തുക എണ്ണി തിട്ടപ്പെടുത്തുകയും തുടർനടപടികൾക്കായി മാറ്റിവെക്കുകയും ചെയ്തു.
ബന്ധുക്കൾക്ക് പണം കൈമാറാനാണ് നിലവിലെ തീരുമാനം. അസുഖബാധിതനായ ശശിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി രാജാക്കാട് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡംഗം ജോഷി കന്യാക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ആദ്യം രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ രാജാക്കാട് പഴയവിടുതിയിലുള്ള പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

