വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാൽനടയാത്രക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതി. നടപ്പാതകൾ പൊതുജനത്തിന്റെ മൗലികാവകാശമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതകൾ പലതും നിലവിൽ പൂർണമായും കൈയേറ്റത്തിന് വിധേയമായിരിക്കുകയാണ്. മൂന്നാർ ടൗണിലെ മെയിൻ ബസാറിന് സമീപം സഞ്ചാരികൾക്കും നാട്ടുകാർക്കും നടക്കാനായി ടൈൽ വിരിക്കുകയും സുരക്ഷാ റെയിലുകൾ സ്ഥാപിക്കുകയും ചെയ്ത നടപ്പാതകൾ പോലും ഇപ്പോൾ കച്ചവടസ്ഥാപനങ്ങളുടെ ഷെഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
പ്രധാന റോഡുകളിലും പരിസരങ്ങളിലും ഇതേ അവസ്ഥ തുടരുന്നത് കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാതകളിൽ വഴിയോര കച്ചവടങ്ങൾ വ്യാപകമായതോടെ കാൽനടയാത്രക്കാർ ഗതാഗതത്തിരക്കുള്ള റോഡുകളിലൂടെ നടക്കേണ്ടി വരുന്നു.
ഇത് ഗുരുതരമായ അപകടസാധ്യതകൾക്ക് വഴിതുറക്കുന്നുണ്ട്. കൂടാതെ, ഈ കച്ചവടങ്ങൾ വഴി സർക്കാരിന് ലഭിക്കേണ്ട
നികുതി വരുമാനത്തിലും വൻ നഷ്ടം സംഭവിക്കുന്നു. നടപ്പാതകൾ നിർമിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനും അധികാരികൾക്ക് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
“നടക്കാനുള്ള അവകാശം നിത്യജീവിതവുമായി വേർതിരിക്കാൻ കഴിയാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലുമാണ് നടപ്പാതകൾ ജനത്തിന്റെ മൗലികാവശമാകുന്നത്” എന്നാണ് കോടതി വ്യക്തമാക്കിയത്. ഈ നിയമനടപടികളുടെ അടിസ്ഥാനത്തിൽ, മൂന്നാറിലെ നടപ്പാതകളിലെ അനധികൃത നിർമിതികൾ നീക്കം ചെയ്ത് കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

