കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ കല്ലറ കേന്ദ്രീകരിച്ച് ഉയർന്നിരിക്കുന്ന ദുരൂഹതകൾക്ക് പരിഹാരം കാണാൻ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി. കഴിഞ്ഞ പത്ത് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു സംസ്കാര ചടങ്ങിനായി കല്ലറ തുറന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതിൽ ഒന്ന് ശവപ്പെട്ടിയിലും മറ്റൊന്ന് പായയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിൽ പള്ളി വികാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിരുന്നുവെന്നും, അന്നത്തെ 23-ാം നമ്പർ കല്ലറയാണ് നിലവിൽ 38-ാം നമ്പർ ആയതെന്നും പൊലീസ് വിലയിരുത്തി. സംസ്കാര ചടങ്ങുകളുടെ പഴയ ഫോട്ടോഗ്രാഫുകൾ പരിശോധിച്ച ശേഷം, രണ്ട് മൃതദേഹങ്ങളും മുൻപ് അവിടെ സംസ്കരിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു.
എന്നാൽ, കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയം പള്ളി വികാരി ഉന്നയിച്ചതോടെ സ്ഥിതിഗതികൾ മാറി. ഇതിനിടെ, 2020-ൽ വാണിയപ്പാറയിൽ നിന്ന് കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയ എന്ന യുവാവിൻ്റെ കുടുംബം നൽകിയ പരാതി കേസിന് പുതിയ മാനം നൽകി.
സിജോയുടെ തിരോധാനവും കല്ലറയിലെ അജ്ഞാത മൃതദേഹവും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. സിജോയുടെ ഭാര്യാ സഹോദരൻ ബിനോയി ഈ പള്ളിയിലെ കൈക്കാരനാണെന്നതും അന്വേഷണത്തിൽ നിർണ്ണായകമാണ്.
ഈ സാഹചര്യത്തിൽ, അസ്വാഭാവികമായ മരണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ ആർഡിഒയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് ജൂൺ 13 ശനിയാഴ്ച മുതൽ ചർച്ചാവിഷയമായ ഈ കല്ലറ വരുംദിവസങ്ങളിൽ തുറന്ന് പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

