വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം, 2014 മുതൽ കാണാതായ സിജോയുടേതാണോ എന്ന സംശയത്തിൽ ബന്ധുക്കൾ. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശിയായ ആലപ്പാട്ട് സ്കറിയയുടെ മകനാണ് സിജോ.
സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറെ വർഷങ്ങൾക്കുശേഷം ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇദ്ദേഹം വിവാഹം കഴിച്ചത് വാണിയപ്പാറയിൽ നിന്നാണ്.
സിജോ ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും, വിലങ്ങാടാണെന്ന് ഭാര്യവീട്ടുകാരും ധരിച്ചുവന്നതാണ് അന്വേഷണം വൈകാൻ കാരണമായതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, കടയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് 2021-ൽ ഭാര്യ നിഖില മൊഴി നൽകിയത്.
ഭർത്താവിനെ തേടി വാളൂക്കിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെയില്ലെന്ന കാര്യം അറിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു. ഒക്ടോബർ 11, 2021-ൽ സിജോയുടെ തിരോധാനത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു.
സിജോയുടെ അമ്മ ത്രേസ്യാമ്മ നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് സെമിത്തേരിയിലെ കല്ലറയിൽ ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കല്ലറ സീൽ ചെയ്യുകയും സെമിത്തേരി അടച്ചിടുകയും ചെയ്തു.
നിലവിൽ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

