മേനംകുളം: കായിക മികവിനപ്പുറം സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയായി മാറിയിരിക്കുകയാണ് ഫാത്തിമാപുരം എഫ്.എ.സി.സി ഫുട്ബോൾ ടീം. മരിയനാട് വെച്ച് നടന്ന ബി.പി.ബി.പി.എം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ടീം, തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക പൂർണ്ണമായും കാൻസർ ബാധിതനായ പതിനാലുകാരന്റെ ചികിത്സാ ചെലവുകൾക്കായി കൈമാറി.
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് സമീപം താമസിക്കുന്ന റോഷൻ റോബിൻ എന്ന പതിനാലുകാരനാണ് നിലവിൽ തിരുവനന്തപുരം ആർ.സി.സിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന് കരുത്ത് പകരാനാണ് കായികതാരങ്ങൾ തങ്ങളുടെ സമ്മാനത്തുക വിട്ടുനൽകിയത്.
ഈ മാസം 16 മുതൽ 20 വരെ നടന്ന ടൂർണമെന്റിൽ 28 ടീമുകളെ പിന്തള്ളിയാണ് ഫാത്തിമാപുരം ടീം ഫൈനലിൽ പ്രവേശിച്ചത്. പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട് സൗകര്യം പോലുമില്ലാത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ ചെറുപ്പക്കാർ ടൂർണമെന്റിൽ ഉടനീളം മികവ് പുലർത്തിയത്.
സെമിഫൈനൽ മത്സരം വീക്ഷിക്കാൻ സംസ്ഥാന കായിക മന്ത്രി നേരിട്ടെത്തിയത് ടീമിന്റെ കളിമികവിന് ലഭിച്ച വലിയൊരു അംഗീകാരമായി. ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയെങ്കിലും വ്യക്തിഗത പുരസ്കാരങ്ങൾ വാരിക്കൂട്ടാൻ ടീമിന് സാധിച്ചു.
അലൻ സാജു ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഗോൾവേട്ടക്കാരനുള്ള പുരസ്കാരവും സ്വന്തമാക്കി. ലഭിച്ച 25,000 രൂപയുടെ സമ്മാനത്തുകയെക്കുറിച്ച് ടീം അംഗങ്ങൾ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘കളിക്കാൻ ഒരു നല്ല ഗ്രൗണ്ട് പോലുമില്ലാത്ത ഞങ്ങളുടെ പരിമിതികളെക്കാൾ വലുതാണ് ആർ.സി.സിയിലെ ഐ.സി.യുവിൽ കഴിയുന്ന ഞങ്ങളുടെ അനിയന്റെ ജീവൻ’.
കളിക്കളത്തിലെ ആവേശത്തിനപ്പുറം മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകിയ ഈ യുവതാരങ്ങൾക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

