ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി ലഹരി വസ്തുക്കളുടെ വിപണനം നടക്കുന്നുവെന്ന വ്യാപകമായ പരാതികളെത്തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പുമായി രംഗത്ത്. സ്വിഗി, സോമറ്റോ തുടങ്ങിയ ഡെലിവറി സേവനങ്ങളിലെ ജീവനക്കാർ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം.
ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും.” ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉന്നതതല ഇടപെടലുകൾ അനുവദിക്കില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, അത്യാവശ്യ സേവനമായ ആംബുലൻസുകൾ മറയാക്കി ലഹരി കടത്തുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കർശന പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകി.
പൊതുജനങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

