കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പായത്തോട് – തലപ്പുഴ – 44–ാം മൈൽ ചുരമില്ലാപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
പേരാവൂർ മേഖലയുടെ സമഗ്രമായ വികസനത്തിൽ ഈ പാത വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിഷൻ 2030 വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ഇതിനകം ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
‘യൂസർ ഏജൻസിയെ നിശ്ചയിച്ച്, റോഡിന് ഭൂമി ഏറ്റെടുക്കാൻ അപേക്ഷനൽകുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും. ദീർഘകാലം പരിശ്രമിച്ചാൽ മാത്രമാണ് ഇത്തരം റോഡുകൾ സാധ്യമാകുക.
മാനന്തവാടി – മട്ടന്നൂർ റോഡ് കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ്.’ വയനാടുമായി കൂടുതൽ മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിനായി ആവശ്യമായ തുക തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

