തിരുവനന്തപുരം പട്ടത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാപകടം. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ, മതിലിലെ ഗേറ്റിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തുളച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു.
വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്ക് സംഘർഷത്തിൽ കലാശിച്ചതോടെ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പട്ടം എൽഐസി ലൈനിലെ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കുട്ടി, വീടിന്റെ സൺഷേഡിലൂടെ ഓടി താഴേക്ക് ചാടുകയായിരുന്നു.
ഇതിനിടയിൽ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഏകദേശം 35 മില്ലീ മീറ്റർ നീളവും 3 മില്ലീ മീറ്റർ വ്യാസവുമുള്ള ഇരുമ്പ് കമ്പി വിദ്യാർഥിയുടെ പിൻഭാഗത്തുകൂടി ശരീരത്തിലേക്ക് തുളച്ചുകയറി കുടുങ്ങിപ്പോകുകയായിരുന്നു. അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായ കുട്ടിയെ കണ്ട് സമീപവാസികൾ ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
വിവരമറിഞ്ഞയുടൻ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെഹീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 25 സെന്റീമീറ്ററോളം ശരീരത്തിലേക്ക് തുളച്ചുകയറിയ കമ്പിയിൽ നിന്ന് കുട്ടിയെ മോചിപ്പിക്കാൻ അരമണിക്കൂറോളം നീണ്ട
പരിശ്രമം വേണ്ടിവന്നു. അത്യാധുനിക കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ കമ്പി മുറിച്ചുമാറ്റിയ ശേഷം, ഫയർഫോഴ്സിന്റെ ആംബുലൻസിൽ തന്നെ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

