തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശിയായ ഇൻഷാദ് (26) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ബൈക്കിലെത്തിയ പ്രതി വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളുടെ എൻജിനുകൾ മനഃപൂർവം തകരാറിലാക്കാൻ ശ്രമിച്ചു.
ഇതിനെ മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാരും തൊഴിലാളികളും ചേർന്ന് ഇയാളെ തടയാൻ മുതിർന്നതോടെ അക്രമാസക്തനായ പ്രതി വാൾ വീശി ഭീഷണിപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തു.
ജനക്കൂട്ടം തടിച്ചുകൂടിയതോടെ അവിടെനിന്ന് ഓടി രക്ഷപ്പെട്ട പ്രതി, പിന്നീട് ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെത്തി അവിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ അടിച്ചുതകർത്തു.
ഇതിനിടെ, സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച വിഴിഞ്ഞം സ്വദേശി സിലുവയ്യൻ എന്നയാളുടെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി അദ്ദേഹത്തെ വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
വധശ്രമം ഉൾപ്പെടെ 14 കേസുകളിൽ പ്രതിയായ ഇൻഷാദ്, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

