സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപന്നങ്ങൾക്കായി പ്രത്യേക നികുതി ഘടന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022-23 ലെ അബ്കാരി നയത്തിൽ ഉൾപ്പെടുത്തിയ ഭേദഗതികൾക്ക് നിയമപരമായ സാധുത നൽകിക്കൊണ്ടാണ് പുതിയ നടപടി.
ബിയർ, വൈൻ എന്നിവയൊഴികെയുള്ള, 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യ ഇനങ്ങളെയാണ് ഈ പുതിയ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നികുതി സ്ലാബുകൾ
ബജറ്റിലെ പ്രഖ്യാപനപ്രകാരം, മദ്യത്തിന്റെ വീര്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് തട്ടിലായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്:
* 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനം വിൽപന നികുതി.
* 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനം വിൽപന നികുതി.
നേരത്തെ, ചക്ക, കശുവണ്ടി, നേന്ത്രപ്പഴം തുടങ്ങിയ കാർഷിക ഉൽപന്നങ്ങളിൽ നിന്നും ഫ്രൂട്ട് വൈനുകൾ ഉൽപാദിപ്പിക്കുന്നതിനായി ചെറുകിട വൈനറി, മൈക്രോ-ഡിസ്റ്റിലറി ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തിരുന്നു.
എന്നാൽ, കൃത്യമായ നികുതി ഘടന നിലവിലില്ലാതിരുന്നത് കർഷകർക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിന് തടസ്സമായിരുന്നു. പുതിയ നികുതി പ്രഖ്യാപനത്തോടെ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തനം തുടങ്ങാനുള്ള അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടൂറിസം മേഖലയുടെ പ്രതികരണം
ഈ തീരുമാനത്തെ ടൂറിസം മേഖല പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കേരള ട്രാവൽ മാർട്ട് പ്രസിഡന്റും വ്യവസായിയുമായ ജോസ് പ്രദീപ് അഭിപ്രായപ്പെട്ടതിങ്ങനെ: “കഴിഞ്ഞ 10–15 വർഷമായി ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണിത്.
നികുതി കുറച്ച് ചെറിയ തോതിൽ ആൽക്കഹോളുള്ള ഡ്രിങ്ക്സ് ലഭ്യമാക്കണം. രാജ്യത്തെ പല ടൂറിസം കേന്ദ്രങ്ങളിലും ചെന്നാൽ ഇത് ഉപയോഗിക്കുന്നതു കാണാം.
ടൂറിസം മേഖലയ്ക്കും മെച്ചമാണിത്. ‘ബെക്കാർഡി ബ്രീസർ’ പോലുള്ള ഡ്രിങ്കുകൾ വലിയ തോതിൽ ടൂറിസ്റ്റുകൾക്കും ഇഷ്ടപ്പെടും.”
നിലവിലെ നികുതി ഘടനയിൽ മാറ്റമില്ല
സംസ്ഥാനത്ത് നിലവിലുള്ള ബിയർ, വൈൻ, ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവയുടെ നികുതി നിരക്കുകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
നിലവിൽ 4 മുതൽ 8 ശതമാനം വരെ വീര്യമുള്ള ബിയറുകൾക്ക് 116 ശതമാനവും, 10 മുതൽ 14 ശതമാനം വരെ വീര്യമുള്ള വൈനുകൾക്ക് 86 ശതമാനവുമാണ് വിൽപന നികുതി. വീര്യമേറിയ മദ്യങ്ങൾക്ക് (റം, ബ്രാൻഡി, വിസ്കി, വോഡ്ക, ജിൻ) 400 രൂപയ്ക്ക് താഴെയുള്ളവയ്ക്ക് 241 ശതമാനവും, അതിനു മുകളിൽ 251 ശതമാനവും വിൽപന നികുതി തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

