പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, പ്രധാന പ്രതിക്ക് ആനുകൂല്യം ലഭിച്ചതായി ആരോപണം.
കേസിലെ പ്രതിയായ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണയെ വയനാട്ടിൽ നിന്നും ആറ്റിങ്ങൽ കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായി.
ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ്, പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടുവെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീല്‍, പ്രോസിക്യൂട്ടറായ കെ.ആർ. ശ്യാംകൃഷ്ണ എന്നിവരെ പ്രതിചേർത്താണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനീഷ്യയ്ക്കെതിരെ പ്രതികൾ നിരന്തരമായി മോശം പ്രചാരണം നടത്തിയെന്നും, ഔദ്യോഗിക യോഗങ്ങളിൽ വെച്ച് പരസ്യമായി കുറ്റപ്പെടുത്തിയെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം ശ്യാം കൃഷ്ണ തന്റെ ഐഫോണിൽ അനീഷ്യയുടെ ഓഫീസ് അടഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും മറ്റുള്ളവർക്ക് അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ഈ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

