അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുരക്ഷ അവതാളത്തിലായിട്ട് രണ്ടര വർഷം പിന്നിടുന്നു.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചുനീക്കിയ ശേഷം ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി മതിൽ നിർമ്മിക്കാനുള്ള തുക ദേശീയപാത അതോറിറ്റി ഇതിനകം കൈമാറിയിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം ഇനിയും ആരംഭിച്ചിട്ടില്ല.
മതിലിന് പകരമായി നിലവിൽ ഒരു താൽക്കാലിക നെറ്റ് കെട്ടി മറയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പൈതൃക പ്രാധാന്യമുള്ള കെട്ടിടം ഉൾക്കൊള്ളുന്ന വിദ്യാലയമെന്ന നിലയിൽ വലിയ ശ്രദ്ധ ആവശ്യമുള്ള സ്ഥാനത്താണ് ഈ അവഗണന.
ചുറ്റുമതിൽ ഇല്ലാത്ത സാഹചര്യം സാമൂഹികവിരുദ്ധരുടെ ശല്യത്തിനും ഇടയാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ലഹരി വിൽപന സംഘങ്ങൾ സ്കൂൾ വളപ്പിൽ തമ്പടിക്കുന്നത് പതിവായതോടെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ വലിയ ഭീഷണിയിലാണ്.
കഴിഞ്ഞ രണ്ട് മാസം മുൻപ് സ്കൂൾ വളപ്പിൽ പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം ബൈക്കിലെത്തിയ ലഹരി വിൽപന സംഘത്തെ സമീപത്തുനിന്ന് പിടികൂടിയിരുന്നു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന വിദ്യാലയമെന്ന നിലയിൽ പേരെടുത്ത സ്കൂളാണിത്.
എന്നാൽ, സ്വാതന്ത്ര്യ സമര സേനാനി കെ.കെ.കുഞ്ചുപിള്ളയുടെ അർധകായ പ്രതിമയുടെ കാര്യത്തിലും കടുത്ത അവഗണനയാണ് തുടരുന്നത്. ദേശീയപാത വികസനത്തിനായി ഇളക്കി മാറ്റിയ പ്രതിമ മാസങ്ങളായി സ്കൂൾ വളപ്പിൽ അനാഥമായി കിടക്കുകയാണ്.
ജില്ലാ പഞ്ചായത്ത് ഇടപെട്ട് ചുറ്റുമതിൽ നിർമ്മിച്ച് പ്രതിമ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

